മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വനിത ഘടകപദ്ധതിയിലൂടെ ശിങ്കാരി മേളം യൂണിറ്റ് ആരംഭിച്ചു
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിൽ വനിത ഘടകപദ്ധതിയിലൂടെ 18 വനിതകളുടെ ശിങ്കാരി മേളം യൂണിറ്റ് ആരംഭിച്ചു. ആഘോഷപരിപാടികളിലും ഉത്സവപറമ്പുകളിലും മൂടാടിയിലെ പെൺപട ആടിത്തിമിർക്കാൻ ഒരുങ്ങി കഴിഞ്ഞു. 2017ല്‍ ‘മുചുകുന്ന് വനിതാ ശിങ്കാരി മേളം’ എന്ന പേരില്‍ പ്രദേശത്തെ കുറച്ച് വനിതകള്‍ ചേര്‍ന്ന് ആരംഭിച്ച ഗ്രൂപ്പാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നത്.
സീതാമണി, പ്രേമ, അജിത, ചന്ദ്രി, വസന്ത, ലളിത, ഗീത, റീന, ശ്രീജ, ശ്രീജ ടി ടി, ബിന്ദു, സീന, ദീപ, ഷൈനി, റീജ, പ്രബില, ശോഭ തുടങ്ങി മുചുകുന്നില്‍ തന്നെയുള്ള പതിനെട്ട് പേരടങ്ങുന്ന വനിതകളാണ് അംഗങ്ങള്‍.
ഹരിത കര്‍മസേനയിലെ അംഗങ്ങളായും ബേക്കറി ജോലിയുമടക്കം 18 പേരില്‍ പലരും പലവിധ ജോലികള്‍ ചെയ്യുന്നവരാണ്. ജോലി കഴിഞ്ഞ് രാത്രിയോടെയാണ് ശിങ്കാരിമേളം പരിശീലിക്കുന്നത്. പഞ്ചായത്തിലെ സാക്ഷരതാ പ്രേരകായ സീതാമണിയാണ് ടീം ലീഡര്‍.
പ്രശസ്ത വാദ്യകലാകാരന്‍ മുചുകുന്ന് ശശി മാരാരായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന് തോലേരി മധുസൂദനന്റെ കീഴില്‍ പഠനം ആരംഭിച്ചു. പിന്നീട് സുധീപ്, സുശീന്ദ്രന്‍ തുടങ്ങിയവരുടെ കീഴില്‍ ചിട്ടയായുള്ള പഠനം. കേരളത്തിനകത്ത് ഇതിനോടകം തന്നെ 150ല്‍ പ്പരം വേദികളില്‍ കൊട്ടിക്കയറിയ ‘മുചുകുന്ന് വനിതാ ശിങ്കാരി മേളം’ സംഘത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. നിലവിൽ ശിങ്കാരിമേള മേഖലയിൽ പുതുമ തേടുന്നതിന്റെ ഭാഗമായി തോലേരി ജിഗേഷിന്റെ കീഴില്‍ ഫ്യൂഷന്‍ ശിങ്കാരിമേളം പഠിച്ചു കൊണ്ടിരിക്കയാണ് ഇവർ.
പരിപാടികൾ ചെയ്തു തുടങ്ങിയപ്പോള്‍ ചെണ്ട വാടകയ്ക്ക് എടുക്കുന്നതായിരുന്നു ഇവര്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ ശിങ്കാരിമേള യൂണിറ്റായി രജിസ്റ്റര്‍ ചെയ്തതോടെ ചെണ്ടയും അനുബന്ധ ഉപകരണങ്ങളും പഞ്ചായത്തില്‍ നിന്നും ലഭിച്ചു. രണ്ട് ലക്ഷം രൂപയാണ് ചെണ്ടയും അനുബന്ധ ഉപകരണങ്ങൾക്കുമായി മൂടാടി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ചെണ്ടയും അനുബന്ധ ഉപകരണങ്ങളും ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകി. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം പി അഖില, വി ഇ ഒ ജയശ്രീ, സെക്രട്ടറി ഗിരിഷ്, അസിസ്റ്റൻറ് സെക്രട്ടറി ടി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് ലീഡർ സീതാമണി നന്ദിയും പറഞ്ഞു.
ഉത്സവങ്ങൾ, ഉദ്ഘാടനം, സ്‌ക്കൂള്‍ പരിപാടികള്‍ തുടങ്ങി നിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ച ടീം ഉടന്‍ തന്നെ സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ മേളം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.