പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്‌പാദിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി ഈ മാസംതന്നെ ലഭിച്ചേക്കും
തിരുവനന്തപുരം: പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്‌പാദിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി ഈ മാസംതന്നെ ലഭിച്ചേക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മദ്യം സർക്കാർ ഏജൻസികൾ മുഖേനെയാണ് വിൽപ്പന നടത്തുക. ധനമന്ത്രി അധ്യക്ഷനും എക്സൈസ്, തദ്ദേശ മന്ത്രിമാരുൾപ്പെടെ എട്ടുപേർ അംഗങ്ങളുമായുള്ള നിയമസഭാ ധനകാര്യ സബ്ജക്ട് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇതിനായി നിർമിച്ച നിയമങ്ങളും ചട്ടങ്ങളും സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷും പറഞ്ഞു.
കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം തുടങ്ങിയവ ഉപയോഗിച്ച് മദ്യം ഉത്‌പാദിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ നിയമഭേദഗതിയും ചട്ടങ്ങളും നിർമിക്കുന്നത് നീണ്ടുപോവുകയായിരുന്നു. അനുമതി വൈകിയതിനാൽ ഈ സീസണിലും കശുമാങ്ങയുൾപ്പെടെയുള്ള പഴങ്ങൾ ഉപയോഗിക്കാനാകാതെ പാഴായിപ്പോകുന്ന സ്ഥിതിയാണ്.
കശുമാങ്ങാനീരുപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കാൻ പയ്യാവൂർ സഹകരണ ബാങ്ക് 2016-ൽ തന്നെ അപേക്ഷ നൽകിയിരുന്നു. ഫെനി ഉത്പാദനത്തിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കശുവണ്ടി സീസൺ ആരംഭിക്കുമ്പോൾ തന്നെ എല്ലാ സജ്ജീകരണങ്ങളും ബാങ്ക് ഒരുക്കിയിരുന്നു. അനുമതി ലഭിച്ചാലുടൻ ഉത്പാദനം ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നു. ഗോവയിൽ ആളെ അയച്ച് ഫെനി നിർമ്മാണ രീതി വരെ പഠിച്ചിട്ടാണ് അനുമതിക്കായി കാത്തിരിക്കുന്നത്.