കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷിന്റെ നേതൃത്വത്തില്‍ സംഘം കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തി
കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ സന്ദർശനം നടത്തി. മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ് സ്കൂളിലാണ് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദർശനം നടത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നിര്‍ദ്ദേശിച്ചത്തെ തുടര്‍ന്നാണ് സന്ദര്‍ശനമെന്ന് അന്‍പില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു. സ്കൂൾ കൈവരിച്ച പശ്ചാത്തല വികസനവും, വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച വെർച്വൽ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവർത്തനങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ എന്‍.ഐ.എഫ്.ടി, കോഴിക്കോട് എന്‍.ഐ.ടി എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് മന്ത്രി സ്‌കൂളിലേക്ക് എത്തിയത്.
കേരളത്തിന്റെ മാതൃക തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അന്‍പില്‍ മഹേഷ് പറഞ്ഞു. ദാരിദ്ര്യമല്ല, അഭിമാനമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ അടയാളമെന്ന് വ്യക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. അതിനുള്ള മാതൃകകള്‍ തേടിയാണ് കേരളത്തിലെത്തിയത്. തമിഴ്‌നാട് നടപ്പാക്കുന്ന മോഡല്‍ സ്‌കൂള്‍ പദ്ധതിക്ക് കേരളം പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുൻ എംഎൽഎ എ പ്രദീപ് കുമാർ, വാർഡ് കൗൺസിലർ സി എം ജംഷീർ, കോഴിക്കോട് ഡിഡിഇ മനോജ് കുമാർ മണിയൂർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശാദിയ ബാനു ടി, കോഴിക്കോട് സിറ്റി എഇഒ ജയകൃഷ്ണൻ എം, മറ്റു വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.