NEWS

‘ഗാസയില്‍ യുദ്ധം നിര്‍ത്തണം’: വിശേഷാധികാരം ഉപയോഗിച്ച് യു എന്‍ മേധാവിയുടെ ഇടപെടല്‍

ന്യൂയോര്‍ക്ക് / ജറുസലം : ഗാസയില്‍ മാനുഷിക പരിഗണനകളാല്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്‍ രക്ഷാസമിതിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. യു എന്‍ ചാര്‍ട്ടറിലെ 99-ാം വകുപ്പുപ്രകാരമുള്ള വിശേഷാധികാരമുപയോഗിച്ചാണ് യു എന്‍ മേധാവിയുടെ ഇടപെടല്‍. എട്ട് ആഴ്ച പിന്നിട്ട ഗാസ യുദ്ധം ഭീതിദമായ ദുരിതവും നാശനഷ്ടവും ഉണ്ടാക്കിയെന്നും അതു തടയാനായി വെടിനിര്‍ത്തലിനു രക്ഷാസമിതി ഇടപെടണമെന്നും ഗുട്ടെറസ് അഭ്യര്‍ഥിച്ചു.

രാജ്യാന്തര സമാധാനവും സുരക്ഷയും അപകടത്തിലാകുന്ന ഏതുവിഷയത്തിലും രക്ഷാസമിതിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഈ വകുപ്പ് യു എന്‍ മേധാവിക്കു പ്രയോഗിക്കാം. കിഴക്കന്‍ പാക്കിസ്ഥാനില്‍ പാക്ക് സൈന്യം നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി 1971 ഡിസംബര്‍ മൂന്നിന് അന്നത്തെ സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഈ വകുപ്പ് എടുത്തുപറഞ്ഞിരുന്നു. 2017 ല്‍ ഗുട്ടെറസ് സ്ഥാനമേറ്റശേഷം ഇതാദ്യമാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് മുന്‍ഗാമികളും ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല.

വിശേഷാധികാരമുപയോഗിച്ചുള്ള ഗുട്ടെറസിന്റെ ഇടപെടലിനെ ഇസ്രയേല്‍ രൂക്ഷമായി വിമര്‍ശിച്ചു. ലോകസമാധാനം ആഗ്രഹിക്കുന്നവര്‍ ഗാസയെ ഹമാസില്‍നിന്നു മോചിപ്പിക്കുന്നതിനെയാണു പിന്തുണയ്‌ക്കേണ്ടതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോയെന്‍ പ്രതികരിച്ചു.

തെക്കന്‍ ഗാസയിലെ നഗരങ്ങളില്‍ ഇസ്രയേല്‍ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു. ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്ന റഫാ അഭയാര്‍ഥികളെക്കൊണ്ടു നിറഞ്ഞു. ഇവിടം മാത്രമാണു സുരക്ഷിതം എന്നറിയിച്ചു കഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യോമസേന ലഘുലേഖ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ റഫായിലും ഇസ്രയേല്‍ ബോംബിട്ടു, ഒരു വീട്ടിലെ 15 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗാസയിലെ മഗാസിയില്‍ ബോംബാക്രമണത്തില്‍ ഒരു വീട്ടിലെ 17 പേര്‍ കൊല്ലപ്പെട്ടു.

വടക്കന്‍ ഗാസയിലും ബോംബാക്രമണം രാത്രി മുഴുവന്‍ നീണ്ടു. സെന്‍ട്രല്‍ ഗാസയിലെ നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിലും ജാബലിയയിലും കനത്ത വെടിവയ്പ് നടക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. ജാബലിയ അഭയാര്‍ഥി ക്യാംപിലെ ബോംബാക്രമണത്തില്‍ അല്‍ ജസീറയുടെ ഗാസ ലേഖകന്‍ മൗമിന്‍ അല്‍ ഷറഫിയുടെ കുടുംബത്തിലെ 22 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ 17,177 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

ഗാസയില്‍ സംഭവിക്കുന്നതു സര്‍വനാശമാണെന്ന് യു എന്‍ മനുഷ്യാവകാശ വിഭാഗം പ്രസ്താവിച്ചു. ഡിസംബര്‍ ഒന്നിനു ശേഷം സഹായവിതരണം കാര്യമായി നടന്നിട്ടില്ലെന്നും യു എന്‍ അറിയിച്ചു. ഗാസയിലെ യുദ്ധത്തില്‍ ഇന്ത്യന്‍ വംശജനായ ഇസ്രയേല്‍ റിസര്‍വ് സൈനികന്‍ മാസ്റ്റര്‍ സെര്‍ജന്റ് ഗില്‍ ഡാനിയേല്‍സ് കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റുമുട്ടലുകളില്‍ ഇതുവരെ 88 ഇസ്രയേല്‍ സൈനികരാണു കൊല്ലപ്പെട്ടത്; ഇതില്‍ നാലു പേര്‍ ഇന്ത്യന്‍വംശജരാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button