KOYILANDIVADAKARA

വരാന്‍ പോകുന്ന കാലത്തെക്കുറിച്ചുള്ള ആധി തുറന്നു കാട്ടുന്ന ചിത്രങ്ങളുമായി രാജേന്ദ്രന്‍ പുല്ലൂര്‍


                           പ്രകൃതിയുടെ താളം തെറ്റാതെ നോക്കണമെന്ന് രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രങ്ങള്‍


വടകര: ഗെയില്‍ പൈപ്പുകള്‍ക്കിടയില്‍ കൈതയും കൊത്തി പ്രകൃതിയുടെ നഷ്ടം താങ്ങാന്‍ ആവാതെ തോള്‍ചെരിച്ചു മൂര്‍ത്തീ ഭാവത്തില്‍ നടക്കുന്ന കൈതച്ചാമുണ്ടി, കാലത്തിന്റെ മാറ്റം അറിഞ്ഞു കൊണ്ട് സ്വയം പിന്‍വാങ്ങുന്ന തെയ്യക്കാര്‍, കക്ഷത്തില്‍ പ്ലാസ്റ്റിക് കുപ്പി മുറുകെ വെച്ച് നില്‍ക്കുന്ന തെയ്യത്തിന്റെ പരിചാരകര്‍, ചുവന്ന പട്ട് വിമാനത്തിനൊപ്പം പറക്കാന്‍ തുടങ്ങിയപ്പോള്‍ ആകുലതയുടെ നോട്ടം മാറിയ കണ്ണുകള്‍. ഒരല്‍പം പച്ചപ്പില്‍ കരിമ്പുക നിറയുമെന്ന് കണ്ടിട്ടും കള്ള നോട്ടത്തോടെ അമര്‍ഷത്തെ ചിരിയായി ചൂടി താളത്തില്‍ ഓടുന്ന തെയ്യം. ആത്മാഹുതിയെ ഓര്‍മ്മപ്പെടുത്തുന്ന കോണ്‍ക്രീറ്റ് കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന കാല്‍ചിലമ്പ്. കചിക ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രപ്രദര്‍ശനത്തിലെ ചിത്രങ്ങളില്‍ തെളിയുന്ന രൂപങ്ങളാണിവ.

വടക്കേ മലബാറിലെ അനുഷ്ഠാന പ്രധാനമായ തെയ്യത്തിന്റെ രൂപങ്ങളില്‍ കൂടി പ്രകൃതിയുടെ അപചയത്തെ ആവിഷ്‌കരിക്കുന്ന നാല്‍പതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. എഴുത്തുകാരനും ചിത്രകാരനുമായ ഡോ സോമന്‍ കടലൂര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഭൂതകാലത്തിന്റെ ജൈവോര്‍ജത്തെ വര്‍ത്തമാനകാലത്ത് ഉപയോഗിക്കണമെന്നും പാരമ്പര്യത്തോട് മുഖം തിരിഞ്ഞിരിക്കേണ്ടന്നും പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുതിയ കാലത്തിന് കരുത്തുപകരണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസ്ഥാപിതമായൊരു പ്രകൃതി വ്യവസ്ഥയെ വികലമായ വികസന കാഴ്ചപ്പാടുകളും കച്ചവട മനസ്ഥിതിയും കടിച്ചെടുക്കുമ്പോള്‍ പച്ച മനുഷ്യരെപ്പോലെ നിസ്സഹായരായിപ്പോകുന്ന ദൈവക്കോലങ്ങളുടെ ദുരന്ത ചിത്രങ്ങള്‍ക്ക് വര്‍ണ്ണങ്ങളുടെ മാസ്മരപ്രഭയില്‍ പ്രതിരോധമൊരുക്കുകയാണ് രാജേന്ദ്രന്‍ പുല്ലൂര്‍. മണ്ണും മടയും പതിയും ജൈവാരൂഢങ്ങളും നഷ്ടമാകുന്ന തെയ്യങ്ങള്‍ നാട്ടു സംസ്‌കൃതിയുടെയും, പ്രകൃതിയുടേയും ദുരന്തഭൂമിക കൂടിയായാണെന്ന് ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നു.

കേരള ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ചിത്രപരിചയം നടത്തി. പവിത്രന്‍ ഒതയോത്ത് അധ്യക്ഷനായി. ചിത്രകാരി ശ്രീജ പള്ളം, ചിത്രകാരന്മാരായ രമേഷ് രഞ്ജനം, രാംദാസ് വടകര, പ്രവീണ്‍ ചന്ദ്ര മൂടാടി, രാജേന്ദ്രന്‍ പുല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി പതിനെട്ടുവരെ നീളുന്ന പ്രദര്‍ശനം ദിവസവും രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button