എല്ലാ കൊലകളും ചെയ്തത് താൻ തന്നെയെന്ന് ജോളിയുടെ കുറ്റസമ്മതം; കൂടുതല്‍ ഇരകളുണ്ടോ എന്ന് അന്വേഷിക്കും

കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ മരണത്തിനു പിന്നില്‍ ഭക്ഷണത്തിലൂടെയുള്ള സ്ലോ പോയിസണിങ് ആണെന്ന് വ്യക്തമായതായി റൂറല്‍ എസ്.പി. കെജി സൈമണ്‍. എല്ലാ കൊലപാതകങ്ങളും താന്‍ നടത്തിയതാണെന്ന് ജോളി സമ്മതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

 

നിലവില്‍ അന്വേഷണം നടന്ന റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സയനൈഡ് ആണ് മരണകാരണമെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു. നിരവധി പരിശോധനകള്‍ക്കും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അന്വേഷണ സംഘത്തന്റെ തലവന്‍ കെജി സൈമണ്‍ പറഞ്ഞു.

 

ഭക്ഷണത്തിലൂടെയാണ് എല്ലാവരുടെയും ശരീരത്തില്‍ സയനൈഡ് എത്തിയതെന്നാണ് കരുതുന്നത്. മരിച്ച എല്ലാവരും ഭക്ഷണ സമയത്തോ അതിനടുത്ത സമയത്തോ ആണ് അസുഖലക്ഷണങ്ങള്‍ കാണിക്കുകയോ കുഴഞ്ഞുവീണ് മരിക്കുകയോ ചെയ്തിട്ടുള്ളത്. ഇതാണ് വിഷമാണ് മരണകാരണമെന്ന സംശയം ബലപ്പെടുത്തിയത്.

 

ആദ്യം മരിച്ച അന്നമ്മ തോമസിനെ മുന്‍പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് വിവിധ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എന്താണ് അസുഖ കാരണമെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇതേ ലക്ഷണങ്ങളോടെയാണ് അന്നമ്മ മരിച്ചതെന്നും അന്വേഷണോദ്യോഗസ്ഥന്‍ വ്യക്തമാക്കി.

 

റോയ് തോമസിന്റെ സഹോദരിയെയും കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നതായി അവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ പ്രതിയെ പിടികൂടിയത് എന്തുകൊണ്ടും നന്നായി എന്നേ പറയാനാവൂ എന്നും എസ്.പി കെജി സൈമണ്‍ പറഞ്ഞു.

 

സയനൈഡ് മൂലമാണോ മറ്റു മരണങ്ങള്‍ നടന്നതെന്ന കാര്യം സ്ഥിരീകരിക്കുന്നതിനാണ് കല്ലറ തുറന്ന് പരിശോധന നടത്തിയത്. ആറ് പേരെ കല്ലറയില്‍ അടക്കിയിരുന്നെങ്കിലും കല്ലറകള്‍ അടുത്ത കാലത്ത് പുതുക്കിപ്പണിതിരുന്നു. അവസാനത്തെ രണ്ട് മൃതദേഹം മാത്രമാണ് കല്ലറയില്‍ ഉണ്ടായിരുന്നത്. ബാക്കി എടുത്തു മാറ്റിയിരുന്നു. അതകൊണ്ടുതന്നെ ഫോറന്‍സിക് പരിശോധനയില്‍നിന്ന് എത്രത്തോളം തെളിവ് ലഭിക്കുമെന്ന് വ്യക്തമല്ലെന്നും എസ്പി പറഞ്ഞു.
Comments

COMMENTS

error: Content is protected !!