ജോളി മകളെയും കൊല്ലാൻ ശ്രമിച്ചെന്ന് തഹസിൽദാർ; 2 തവണ നുരയും പതയും വന്നു

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫ്  തഹസിൽദാർ ജയശ്രീയുടെ മകളെയും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി വിവരം. ജയശ്രീ അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. മകളുടെ വായിൽ നിന്ന് നുരയും പതയും വരുന്നെന്നു തന്നെ വിളിച്ചറിയിച്ചതു ജോളിയാണ്. രണ്ടു വട്ടം ഇങ്ങനെയുണ്ടായി, ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കൾ കൈക്കലാക്കാൻ ജോളിയെ സഹായിച്ചത് അന്നത്തെ ഡെപ്യൂട്ടി തഹസിൽദാറായ ജയശ്രീയാണെന്ന രീതിയിൽ ആരോപണമുണ്ടായിരുന്നു. ഇപ്പോൾ കോഴിക്കോട് ലാൻഡ് അക്വിസിഷൻ തഹസിൽദാർ ആയ ജയശ്രീ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

 

ജയശ്രീയുടെ മകളടക്കം അഞ്ചു പേരെ കൊല്ലാൻ ശ്രമിച്ചെന്ന് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. ആദ്യഭർത്താവിന്റെ സഹോദരിയുടെ മകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 3 പെൺകുട്ടികൾക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തിൽത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദമോഴിയും രേഖപ്പെടുത്തി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല

 

അതേസമയം കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാത്യൂ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.
Comments

COMMENTS

error: Content is protected !!