കനോലികനാലിന്റെ അരികുഭിത്തിയോടുചേർന്ന മണ്ണ് കുത്തിയൊലിച്ചു

എലത്തൂർ: ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെതുടർന്ന് കാരപ്പറമ്പ്-കുണ്ടൂപറമ്പ് റോഡിൽ കാരപ്പറമ്പ് ജങ്ഷനുസമീപം സൂര്യകാന്തിമരങ്ങൾ കടപുഴകിവീണ് നാല് വൈദ്യുതത്തൂണുകൾ പൊട്ടി. വൈദ്യുതിബന്ധം താറുമാറായി.ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഗതാഗതതടസ്സം നീക്കി

 

തലനാരിഴയ്ക്കാണ് വൻദുരന്തമൊഴിവായത്. നിത്യേന നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കാണ് മരം കടപുഴകിയത്. ഒരുമരം കനാലിലേക്കും രണ്ടാമത്തേത് റോഡിലേക്കും വീഴുകയായിരുന്നു.

 

ചെളിനീക്കുന്ന പ്രവൃത്തിനടത്തുമ്പോൾ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി കനാലിന്റെ അരികുഭിത്തിയോടുചേർന്ന മണ്ണ് ഇളകി ഒലിച്ചതോടെയാണ് മരങ്ങൾ കടപുഴകിയത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

 

ചൊവ്വാഴ്ച രാവിലെ റോഡരിക് വിണ്ടുകീറിയത് ശ്രദ്ധയിൽപെട്ടതിനെതുടർന്ന് നാട്ടുകാർ കെ.എസ്.ഇ.ബി.യിൽ വിവരം അറിയിച്ചിരുന്നു. കെ.എസ്.ഇ.ബി. അധികൃതർ രാവിലെത്തന്നെ പൊതുമരാമത്ത് വകുപ്പിലേക്ക് വിവരം കൈമാറിയിരുന്നെങ്കിലും അപകടത്തിനുശേഷമാണ് അവർ സ്ഥലത്തെത്തിയത്.

 

രാത്രി വൈകിയും പൊട്ടിയ കുടിവെള്ളപൈപ്പ് ശരിയാക്കിയിട്ടില്ല. ഇവിടെ അപകടസാധ്യതയുള്ള മരങ്ങൾ മുറിക്കാൻ നേരത്തെ ശ്രമമുണ്ടായിരുന്നെങ്കിലും പരിസ്ഥിതിപ്രവർത്തകരുടെ എതിർപ്പിനെതുടർന്ന് നടക്കാതെ പോവുകയായിരുന്നു.

 

ഏതാനും ആഴ്ചകൾക്കുമുമ്പ് കനത്തമഴയിൽ കനോലികനാലിനോട് ചേർന്നുള്ള കാരപ്പറമ്പ് വലിയപാലത്തിന് സമീപത്തെ റോഡുംകനാലിന്റെഭിത്തിയും ഉൾപ്പെടെ വലിയതോതിൽ ഇടിഞ്ഞിരുന്നു. അശാസ്ത്രീയമായ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

 

കെ.എസ്.ഇ.ബി. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ വിവേക്, അസിസ്റ്റൻറ്്‌ എൻജിനിയർ രേഷ്മ, ലൈൻമാൻമാരായ മുരളീധരൻ, ജിതിൻ, ഉണ്ണികൃഷ്ണൻ, മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ വൈദുതബന്ധം പുനഃസ്ഥാപിച്ചു.

 

Comments

COMMENTS

error: Content is protected !!