ഇന്ന് ലോക മസ്തിഷ്‌കാഘാത ദിനം

സ്‌ട്രോക്ക് (മസ്തിഷ്‌കാഘാതം) മനുഷ്യരുടെ മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ്. രക്തയോട്ടത്തിൽ വരുന്ന തടസം മൂലം തലച്ചോറിൽ വരുന്ന അവസ്ഥയാണിത്. ബ്രെയ്ൻ അറ്റാക്ക് എന്നും വിളിക്കാം. ആറ് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാൻ സാധ്യതയുള്ള രോഗാവസ്ഥയാണിത്.

 

 

സാധാരണ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വരുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. എന്നാൽ യുവാക്കളിൽ മസ്തിഷ്‌കാഘാതം വ്യാപകമായിട്ടുണ്ടാകുന്നുണ്ട്, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ.

 

ഈ അടുത്തകാലത്തായി ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും യുവാക്കളിൽ സ്‌ട്രോക്ക് വ്യാപകമാകുന്നുണ്ട്. ഉപ്പിന്റെ അമിതോപയോഗം മൂലമുള്ള രക്തസമ്മർദമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

 

ഏഷ്യയിൽ മസ്തിഷ്‌കാഘാതം വരുന്നവരിൽ അഞ്ച് പേരിൽ ഒരാളുടെ പ്രായം 45 വയസിൽ താഴെയാണ്. സ്‌ട്രോക്ക് കാരണമുള്ള മരണം യുവാക്കളിൽ കുറവാണ്. പക്ഷെ ശിഷ്ടകാലം ചിലപ്പോൾ കിടക്കയിൽ കഴിയേണ്ടി വരും.

 

യങ് സ്‌ട്രോക്ക്

 

‘യങ് സ്‌ട്രോക്ക്’ എന്നാണ് 50 വയസിൽ താഴെ ഉള്ളവർക്കുണ്ടാകുന്ന മസ്തിഷ്‌കാഘാതത്തെ വിളിക്കുക. ഹൃദയത്തിലെ പമ്പിങിന്റെ കുറവ്, മിടിപ്പിലെ വ്യത്യാസം, വാല്‍വിന്‍റെ ചുരുങ്ങൽ, കാർഡിയോ മയോപതി തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ.

 

 

ഇസ്‌കീമിക് സ്‌ട്രോക്കും ഹെമറേജിക് സ്‌ട്രോക്കും

 

ഇസ്‌കീമിക് സ്‌ട്രോക്ക് എന്നാൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് പോകുമ്പോൾ ഉണ്ടാകുന്ന തടസമാണ്. ഹെമറേജിക് സ്‌ട്രോക്കിൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടി രക്തം അവിടെ മൊത്തം വ്യാപിക്കും.

 

ലക്ഷണങ്ങൾ: പെട്ടെന്ന് ശരീരത്തിന്റെ ഒരു വശം തളരുക, മുഖം കോടിപ്പോകുക, പെട്ടെന്ന് സംസാര ശേഷി നഷ്ടമാകുക, ശരീരത്തിന്റെ ബാലൻസ് തെറ്റുക, പെട്ടെന്ന് കാഴ്ചശക്തി നഷ്ടപ്പെടുക, പെട്ടന്നുള്ള ബോധക്ഷയം, ശക്തമായ തലവേദനയും തലകറക്കവും.

 

കാരണങ്ങൾ: അമിത രക്തസമ്മർദം, പ്രമേഹം, പുകവലി, മദ്യപാനം, പൊണ്ണത്തടി, വ്യായാമക്കുറവ്, അധിക കൊഴുപ്പ്, ഹൃദയ സംബന്ധമായ രോഗങ്ങൾ.
Comments

COMMENTS

error: Content is protected !!