കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നു; യാത്രാക്ലേശം രൂക്ഷം

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷം. പലയിടങ്ങളിലും സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തില്‍ പകുതിയോളം സര്‍വീസുകള്‍ മുടങ്ങി. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്.

 

തിരുവനന്തപുരത്ത് രാവിലെ പേരൂര്‍ക്കടയില്‍ നിന്ന് നെടുമങ്ങാട്ടേയ്ക്ക് വന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുനില്‍കുമാറിനെ സമരാനുകൂലികള്‍ മര്‍ദിച്ചു. സുനില്‍കുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാര്‍ മാത്രം പണിമുടക്ക് നടത്തുന്നതിനാല്‍ ജനജീവിതത്തെ കാര്യമായി ബാധിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍ സംസ്ഥാനത്തെമ്പാടും പണിമുടക്ക് സര്‍വീസുകളെ ബാധിച്ചു.

 

തെക്കന്‍കേരളത്തില്‍ ആകെ സര്‍വീസുകള്‍ 1848 ആണ്. ഇതില്‍ 1155 സര്‍വീസുകള്‍ മുടങ്ങി. നിരവധിയാളുകളാണ് ബസ് കാത്തുനില്‍ക്കുന്നത്. കൊല്ലത്തും കൊട്ടാരക്കരയിലും വ്യാപകമായി സര്‍വീസുകള്‍ മുടങ്ങി. മലയോര ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്.
Comments
error: Content is protected !!