പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ല ; പോരാട്ടം ശക്തമാകണം

ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനുഷ്യമഹാശൃംഖലയിൽ പാളയം രക്തസാക്ഷിമണ്ഡപത്തിനു സമീപം കുടുംബസമേതം കണ്ണിചേർന്നശേഷം പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ ജനസംഖ്യാ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പറയുന്നതൊന്നും നടപ്പാക്കുന്ന നാടല്ല കേരളം. മതം നോക്കി പൗരത്വം നിർണയിക്കുന്ന ഈ കാടൻനിയമത്തിന്‌ ആഗോളതലത്തിൽ എതിർപ്പുണ്ട്‌. ഭരണാധികാരികൾ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കി. ഐക്യരാഷ്ട്രസഭ പോലും വിയോജിപ്പ്‌ രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വിദ്യാർഥികൾ, യുവജനങ്ങൾ, പണ്ഡിതർ, എല്ലാവരും തെരുവിലിറങ്ങി. കലാ, സാഹിത്യ രംഗത്തുള്ളവർ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തി. ചലച്ചിത്രലോകത്തും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നു. സാധാരണഗതിയിൽ പൊതുവെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാത്ത താരങ്ങൾ പോലും രംഗത്തുവന്നു.

 

ദശലക്ഷങ്ങളാണ്‌ പ്രക്ഷോഭങ്ങളിൽ പങ്കാളികളായത്‌. ഇത്‌ അഭിമാനകരമാണ്‌. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയുള്ള കടുത്ത പ്രതിഷേധം കേരളത്തനിമയുടേതുകൂടിയാണ്‌. ജാതിഭേദവും മതേദ്വേഷവും ഇല്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന നാടിനെ മതപരമായി ഭിന്നിപ്പിക്കുന്ന അനീതി അംഗീകരിക്കാൻ കഴിയില്ല. ഈ പ്രക്ഷോഭങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉയർന്നുനിക്കുന്നതാണ്‌ മനുഷ്യമഹാശൃംഖല.

 

നമുക്ക്‌ വിശ്രമിക്കാൻ പറ്റില്ല. നാടിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താനും മതനിരപേക്ഷത തകർക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പോരാട്ടം ശക്തമാകണം–- മുഖ്യമന്ത്രി പറഞ്ഞു.
Comments

COMMENTS

error: Content is protected !!