നീതി ഉറപ്പാക്കും വാളയാർ കേസിൽ വീണ്ടും അന്വേഷണമോ സിബിഐയോ ആകാം: മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാർ കേസിൽ പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ  വേണ്ടതെന്ന് സർക്കാർ ഗൗരവമായി പരിശോധിച്ച്‌ തീരുമാനിക്കുമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പൊലീസിനോ പ്രോസിക്യൂഷനോ വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്നും  പരിശോധിക്കും. കേസിൽ അപ്പീൽ നൽകുമെന്നും  തുടർനടപടികൾക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാറിൽ കുടുംബത്തിലെ രണ്ട്‌ പെൺകുട്ടികൾ മരിച്ച കേസിൽ കോടതി പ്രതികളെ വെറുതെവിട്ട  സംഭവത്തിൽ ഷാഫി പറമ്പിൽ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 

കേസിൽ പ്രതികൾ  ശിക്ഷിക്കപ്പെടാത്തത്  നിർഭാഗ്യകരമാണ്‌.  പ്രതീക്ഷയ്‌ക്ക്‌ വിപരീതമായ വിധിയാണുണ്ടായത്‌. ഇത്‌  ഗൗരവതരമാണ്.  മനഃസാക്ഷിയെ ഞെട്ടിച്ചതാണ്‌ രണ്ട്‌ കുട്ടികളുടെ ദാരുണമരണം. അവർക്ക്‌ മരണാനന്തരം നീതി ലഭിക്കണം. ഇക്കാര്യത്തിൽ സർക്കാരിന്‌ നിർബന്ധമുണ്ട്‌.  ഇരയാക്കപ്പെടുന്നവരുടെ പക്ഷത്താണ്‌ സർക്കാർ. രാഷ്ട്രീയമോ ഭരണ പ്രതിപക്ഷ പരിഗണനയോ ഇക്കാര്യത്തിൽ ഇല്ല. മനുഷ്യത്വവും നീതിയും പരിഗണിച്ചായിരിക്കും തീരുമാനം. സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി വിഭാഗം എന്നിവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

 

കേസിൽ വാളയാർ എസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ഇൻസ്‌പെക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. പ്രതികൾക്കെതിരെ ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം, പോക്‌സോ എന്നീ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു പ്രതിക്കെതിരായ കേസ്‌ ജുവനൈൽ ജസ്റ്റിസ്‌ കോടതിയുടെ പരിഗണനയിലാണ്‌. ഇതിലും ശക്തമായി ഇടപെടും.   കേസിൽ സിബിഐ അന്വേഷണം സഭയിൽ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലും സ്പീക്കറുടെ ഡയസിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ സഭാനടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു.
Comments

COMMENTS

error: Content is protected !!