കാട്ടാക്കട കൊലപാതകം: ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പിടിയില്‍

കാട്ടാക്കട > വീട്ടുപറമ്പിൽനിന്ന്‌ മണ്ണ് കടത്തുന്നത് തടഞ്ഞ അമ്പലത്തിൻകാല ശ്രീമംഗലംവീട്ടിൽ സംഗീതിനെ ജെസിബിയുടെ ബക്കറ്റ്‌കൊണ്ട്‌ അടിച്ചുകൊന്ന കേസിൽ ആറുപേർ കൂടി അറസ്‌റ്റിൽ. പിടിയിലായ പ്രതികളിൽ അഞ്ചുപേർ സജീവ ആർഎസ്എസ് പ്രവർത്തകരും രണ്ടുപേർ കോൺഗ്രസ് പ്രവർത്തകരുമാണ്.

 

പ്രധാന പ്രതിയും ജെസിബി ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടിൽ സ്റ്റാൻലി ജോൺ (സജു–-48), ടിപ്പർ ഉടമ കിഴമച്ചൽ പദ്മിനി നിവാസിൽ മണികണ്ഠൻനായർ (ഉത്തമൻ–-34), ടിപ്പർ ഡ്രൈവർ കൊല്ലകോണം കുഴിവിളവീട്ടിൽ ലിനു(30), ക്ലീനർ മാറനല്ലൂർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ(25), പുളിങ്കുടി പാലോട്ടുകോണം ലക്ഷ്മിഭവനിൽ ലാൽ കുമാർ(ഉണ്ണി –-26), ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ഉഷ ഭവനിൽ വിനീഷ്(തേങ്ങ അനീഷ് –-26) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

 

ജെസിബി ഓടിച്ച ചാരുപാറ വിജിൻ നിവാസിൽ വിജിനെ(24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടിപ്പറിന്റെ രണ്ടാമത്തെ ഡ്രൈവറായ ബൈജുവിനെയും സഹായികളായ രണ്ടുപേരെയുമാണ് ഇനി പിടികൂടാനുള്ളത്. എട്ടുപേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.ലാൽ കുമാറും വിനീഷും പ്രതികളെ ഒളിവിൽ പോകാനും വാഹനങ്ങൾ ഒളിപ്പിക്കാനും സഹായിച്ചവരാണ്. ഒരു ടിപ്പറും രണ്ട് ജെസിബിയും സജുവിന്റേതാണ്, മറ്റൊന്ന് ഉത്തമന്റെയും. സജു വന്ന ബൈക്കും സംഭവസ്ഥലത്തുനിന്ന്‌ കസ്റ്റഡിയിലെടുത്തിരുന്നു.

 

24- നാണ്‌ സംഗീത് കൊല്ലപ്പെട്ടത്. അന്നുതന്നെ പിടിയിലായ വിജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാക്കി അറസ്‌റ്റ്‌. മണ്ണ് വിലയ്ക്ക് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ പാതിരാത്രി സംഗീതിന്റെ പുരയിടത്തിൽ അതിക്രമിച്ച് കടക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ജെസിബി കൊണ്ട് അടിച്ചുകൊല്ലുകയുമായിരുന്നു. സംഘത്തെയും വാഹനങ്ങളെയും സംഗീത് തടഞ്ഞതിലും പൊലീസിനെ വിളിച്ചതിലുമുള്ള വൈരാഗ്യത്തിലാണ്‌ കൊലപ്പെടുത്തിയതെന്ന് റൂറൽ എസ്‌പി പി അശോക്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിജിൻ, ലിനു, സജു, ഉത്തമൻ, മിഥുൻ, ഒളിവിലുള്ള ബൈജു എന്നിവരാണ് കേസിൽ നേരിട്ട് ഉൾപ്പെട്ടത്.

 

നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്‌പെക്ടർ ഡി ബിജുകുമാർ, എസ്ഐ ഗംഗാപ്രസാദ്‌, ഗ്രേഡ് എസ്ഐ ഹെൻഡേഴ്സൻ, അനിൽകുമാർ, അഭിലാഷ്, മഹേഷ് തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments

COMMENTS

error: Content is protected !!