രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാർ ക്ഷേമനിധി പദ്ധതി തയ്യാറാക്കുന്നു

തൊഴിലാളികൾക്ക്‌ താങ്ങൊരുക്കി  വീണ്ടും കേരളമാതൃക. രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാർ ക്ഷേമനിധി പദ്ധതി തയ്യാറാക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി അംഗങ്ങൾക്കാണ്‌ പെൻഷനും മറ്റാനൂകൂല്യങ്ങളും നൽകുന്നത്‌. ഇതിന്‌ തയ്യാറാക്കിയ കരട്‌ ബില്ലിന്‌ നിയമവകുപ്പ്‌ അംഗീകാരം നൽകി. പദ്ധതിക്ക്‌ പ്രത്യേക ക്ഷേമനിധി ബോർഡും ബില്ലിലുണ്ട്‌. ഇവ അടുത്ത ദിവസം മന്ത്രിസഭയേുടെ പരിഗണനയ്‌ക്ക്‌ നൽകും. മാർച്ചിൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

 

തദ്ദേശസ്ഥാപനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത്‌ തൊഴിലുറപ്പ്‌ കാർഡ്‌ ലഭിച്ചവർക്ക് പദ്ധതിയിൽ അംഗമാകാം. പ്രായപരിധി 15–- 55. അഞ്ചുവർഷം അംശാദായം അടച്ച  60 വയസ്സ്‌ പൂർത്തിയായവർക്ക്‌ പെൻഷൻ ലഭിക്കും. പത്തുവർഷത്തിൽ കുറയാത്ത അംശാദായം അടച്ചവർ മരിച്ചാൽ കുടുംബ പെൻഷനുമുണ്ട്‌. അപകടത്തിൽപ്പെട്ടവർക്ക്‌ ചികിൽസാ സഹായമുൾപ്പെടെയുള്ള ആനുകൂല്യങ്ങളും വ്യവസ്ഥ ചെയ്യുന്നു.

 

50 രൂപയാണ്‌ അംശാദായം. തൊഴിലാളികളുടെ എണ്ണം, തൊഴിൽദിനം എന്നിവ നിർണയിച്ച്‌ തദ്ദേശ സ്ഥാപനങ്ങൾ അംശാദായമായോ ഗ്രാന്റായോ നിധിയിലേക്ക്‌ പണം നൽകണം. സംസ്ഥാന സർക്കാരും നിശ്‌ചിത തുക ക്ഷേമനിധി ഫണ്ടിലേക്ക്‌ നൽകും. അഞ്ച്‌ സർക്കാർ പ്രതിനിധികളടക്കം 13 പേർ ഉൾപ്പെടുന്നതാകും ക്ഷേമനിധി ബോർഡ്‌. തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ എൽഡിഎഫ്‌ വാഗ്‌ദാനമാണ്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുള്ള പ്രത്യേകം ക്ഷേമനിധിയിലൂടെ യാഥാർഥ്യമാകുന്നത്‌.

 

Comments

COMMENTS

error: Content is protected !!