കൊറോണ; കോഴിക്കോട് എല്ലാ ഫലവും നെഗറ്റീവ്

കോഴിക്കോട്: കോവിഡ്-19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുമ്പോള്‍ ഏറെ ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. നിലവില്‍ പരിശോധനയ്ക്കയച്ച 137 എണ്ണത്തില്‍ എല്ലാം നെഗറ്റീവാണെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി ടി.പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട്  പറഞ്ഞു.

 

നെഗറ്റീവ് ആണെങ്കിലും ഏറെ ജാഗ്രതയിലാണ് ജില്ല. 5798 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. എന്നാല്‍ രോഗികളുടെ  എണ്ണം കൂടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 ന് മാത്രമായി കോഴിക്കോട്ടെ  കാര്യങ്ങള്‍ അറിയാന്‍ പ്രത്യേകം മൊബൈല്‍ ആപ്പ് കോവിഡ്-19 എന്ന പേരില്‍ തുടങ്ങിയിട്ടുണ്ട്. 1077 ടോള്‍ഫ്രീ നമ്പറിലൂടെയും വിവരമറിയാമെന്നും മന്ത്രി  പറഞ്ഞു.

 

നാളെ നടക്കുന്ന ജനതാ കര്‍ഫ്യൂവുമായി പൂര്‍ണമായി സഹകരിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ എല്ലാം  പൂര്‍ത്തിയായി. പ്രശസ്തമായ പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവപരിപാടികള്‍ അടക്കം  ഒഴിവാക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത് വലിയ ആശ്വാസമാണ്. ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ കാണിക്കുന്ന സഹകരണ മനോഭാവം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ ആശ്വാസം നല്‍കുന്നുണ്ടെന്നും ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കന്‍ തീരുമാനിച്ചിട്ടുണ്ട്. 70 സ്വകാര്യ ആശുപത്രികള്‍ ഇതിന്റെ ഭാഗമാവും. ഇവിടെ എത്ര കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കാനാവുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും മന്ത്രി അറിയിച്ചു.

 

കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് എത്തിയ സംഭവം  ഏറെ ഗൗരവമുള്ളതാണ്. അയാള്‍ പോയ സ്ഥലം  സംബന്ധിച്ചുള്ള റൂട്ട്  മാപ്പിനായി കാത്തിരിക്കുകയാണെന്ന് ജില്ലാ  കലക്ടര്‍ സാംബശിവ റാവുവും അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!