അംഗൻവാടികൾ സ്മാർട്ടായി തുറക്കുന്നു
കളിയും ചിരിയും നിറയുന്ന അങ്കണവാടികൾക്കിനി സ്മാർട്ടിന്റെ തലയെടുപ്പ്. കോവിഡ് പ്രതിസന്ധിയിൽ പ്രവർത്തനം നിർത്തിവെച്ച അങ്കണവാടികളിൽ 133 എണ്ണം തുറക്കുമ്പോൾ പുത്തൻ ഭാവത്തിലാവും. ശിശു സൗഹൃദമായ വിശാല ക്ലാസ് റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, ക്രിയേറ്റീവ് സോൺ, ആധുനിക അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ എന്നിവയാണ് ഒരുങ്ങുന്നത്. പരിമിതമായ കളിക്കോപ്പുകളും ഇരിപ്പിടങ്ങളുമായുള്ള അങ്കണവാടി എന്ന സങ്കല്പം മാറുകയാണ്. 14 ജില്ലകളിലുമായി 133 അങ്കണവാടികളാണ് നിർമാണത്തിന്റെ അവസാന ഘട്ടങ്ങളിലുള്ളത്.
ഒന്നേകാൽ മുതൽ 10 സെന്റ് വരെയുള്ള സ്ഥലത്താണ് സ്മാർട്ട് അങ്കണവാടി നിർമിക്കുന്നത്. 10 സെന്റിലെ കെട്ടിടത്തിനും അനുബന്ധ ചെലവിനുമായി 42,92,340 രൂപ വനിതാ ശിശു വികസന വകുപ്പ് നൽകും. ഏഴര സെന്റിന് 42,42,174ഉം അഞ്ച് സെന്റിന് 32,31,328ഉം മൂന്നു സെന്റിന് 27,64,952ഉം രൂപയാണ് നൽകുക. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ചേർത്താണ് നിർമാണം പൂർത്തിയാക്കേണ്ടത്. തദ്ദേശ എൻജിയനിയറിങ് വിഭാഗത്തിനാണ് നിർമാണ മേൽനോട്ടം.