അകലാപ്പുഴ കായൽ കയ്യേറ്റം; നടപടി എടുക്കുക. എ ഐ വൈ എഫ്.

 

 

 

മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് ചളി കോരിയിട്ട് പുഴ നികത്തുന്നു.

 

കൊയിലാണ്ടി: അകലാപ്പുഴ കായൽ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി ഒരു പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു. കലിക്കറ്റ് പോസ്റ്റ് അകലാപ്പുഴയിലെ ടൂറിസം വികസനം, പുഴ കയ്യേറ്റങ്ങൾ എന്നിവയെ കുറിച്ച് സചിത്ര വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് എ ഐ വൈ എഫ് ഒരു പ്രസ്ഥാവനയിലൂടെ പുഴ കയ്യേറ്റത്തെ അപലപിച്ചതും അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടതും. പ്രസ്ഥാവന തുടരുന്നു. കോഴിക്കോടിൻ്റെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണ്. അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും നിരവധി പേരാണ് ബോട്ടുയാത്രക്ക് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.

ടൂറിസം സാധ്യതകൾ വർദ്ധിച്ചതോടെ പുഴ കയ്യേറ്റവും വർദ്ധിച്ചു വരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുഴയിലെ ചളി വാരിയെടുത്ത് തീരം നികത്തിയെടുക്കുന്നു. പുഴയുടെ ആഴങ്ങളിലേക്ക് മരക്കുറ്റികൾ അടിച്ചുറപ്പിച്ച ശേഷം ഓല വച്ച് ചളി കോരിയിട്ട് പുഴ നികത്തിയെടുക്കുന്നു. തിക്കോടി വില്ലേജ് അതിരിലാണ് തീരം കയ്യേറ്റം വ്യാപകമായി നടക്കുന്നത്. ചാരുമ്മൽ താഴ, ഗോവിന്ദൻ കെട്ട് എന്നിവിടങ്ങളിലും കയ്യേറ്റം ശക്തമാണ്.

ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആ വാസവ്യവസ്ഥയിൽ പ്രധാനപ്പെട്ടവയാണ് കണ്ടൽകാടുകൾ. ഇവ വ്യാപകമായി ഇവിടെ നശിപ്പിക്കപ്പെടുന്നു. വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും പക്ഷികൾക്ക് കൂടൊരുക്കാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. ഇവ പുഴക്ക് സൗന്ദര്യവും നൽകുന്നു. ഇവയുടെനാശം പുഴയുടെ സർവ്വനാശത്തിനു കാരണമാകുന്നു. എ ഐ വൈ എഫ് പ്രസ്ഥാവനയിൽ പറയുന്നു.
മണ്ഡലം സെക്രട്ടറി എ ടി വിനീഷ്, പ്രസിഡണ്ട് ഡി സുമേഷ് ഭഗത്, വൈസ് പ്രസിഡണ്ട് എം കെ രൂപേഷ്, എം കെ ബിനു എന്നിവർ പ്രദേശം സന്ദർശിച്ചു.

Comments

COMMENTS

error: Content is protected !!