KERALA

അക്ഷയകേന്ദ്രത്തിൽ തോന്നിയ ചാർജ്ജ് ഈടാക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

കാട്ടാക്കടയിലെ കുറ്റിച്ചൽ അക്ഷയ കേന്ദ്രത്തെക്കുറിച്ചുള്ള പരാതിയാണ് കമ്മീഷൻ പരിശോധിച്ചത്. ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ അധിക ചാർജ്ജ് ഈടാക്കിയതായാണ് ആക്ഷേപം. കാട്ടാക്കടയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ജില്ലകളിലും ഇത്തരം തട്ടിപ്പുകൾ നിർബാധം നടക്കുന്നതായി ആക്ഷേപം ശക്തമാണ്. സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം 110 രൂപ വാങ്ങിയ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്റ്റ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രോജക്റ്റ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്.

കാട്ടാക്കടയിലെ അക്ഷയ കേന്ദ്രത്തിൽ ജില്ലാ പ്രോജക്റ്റ് മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി. അക്ഷയ സേവനങ്ങൾക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സർവീസ് ചാർജുകൾ കേന്ദ്രത്തിൽ പ്രദർശിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ആധാറുമായി ബന്ധപ്പെട്ട സേവന നിരക്കിന്റെ രസീത് പൊതു ജനങ്ങൾക്ക് നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താവിന്റെ കൈയിൽ നിന്നും 110 രൂപ വാങ്ങിയതായി സംരംഭകൻ സമ്മതിച്ചു.

തന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി സംരംഭകൻ അംഗീകരിച്ചിട്ടുണ്ട്. 2019 ഒക്ടോബർ 30 ലെ സർക്കാർ ഉത്തരവ് അനുസരിച്ച് സംരംഭകനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അക്ഷയ ജില്ലാ ചീഫ് കോ- ഓർഡിനേറ്റർ ജില്ലാ കളക്ടർക്ക് കൂടുതൽ നടപടികൾക്കായി ഫയൽ സമർപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button