അച്ചടക്കം ലംഘിച്ചതിന് സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം അധ്യാപകനെ സസ്‌പെന്റ് ചെയ്തു
കൊയിലാണ്ടി: സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഉറുദു വിഭാഗം അധ്യാപകന്‍ ഡോ.കെ.സി. അതാവുളള ഖാനെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ 19നുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് സസ്‌പെന്‍ഷന്‍. പ്രാദേശിക കേന്ദ്രത്തിലെ പ്രവര്‍ത്തന സമയത്ത് അതിക്രമം കാട്ടുകയും,അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് സസ്‌പെന്‍ഷനെന്ന് സര്‍വ്വകലാശാല രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഭരണ വിഭാഗം ജോ.രജിസ്ട്രാര്‍ സുഖേഷ് കെ.ദിവാകര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ ഉറുദു വിഭാഗം തലവനായിരുന്ന പ്രൊഫ.അതാവുളള ഖാനെ ഈയടുത്ത് വകുപ്പ് തലവന്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം ഡോ.കെ.കമറുന്നീസയെ നിയമിച്ചിരുന്നു.
വകുപ്പ് തലവനെന്ന നിലയില്‍ ഉപയോഗിച്ച അലമാര അത്താവുളള ഖാന്‍ തന്റെ മുറിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങള്‍ വാക്കേറ്റത്തിന് ഇടയാക്കുകയായിരുന്നുവെന്നാണ് വിവരം.ഉറുദു വകുപ്പിലെ ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ച അലമാര തളളിയിട്ട് ,ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തും വിധത്തില്‍ ഉച്ചത്തില്‍ ബഹളം വെക്കുകയും,തടയാന്‍ ശ്രമിച്ച മറ്റ് ജീവനക്കാരോട് അസഭ്യം പറയുകയും ഗുരുതരമായ അച്ചടക്കലംഘനം കാണിക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാല നടപടി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഡയരക്ടറും ജീവനക്കാരും സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. എത്ര കാലത്തേക്കാണ് സസ്‌പെന്‍ഷനെന്ന് ഓര്‍ഡറില്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഡയരക്ടറായും ഡോ.കെ.സി.അതാവുളളഖാന്‍ പ്രവര്‍ത്തിച്ചിരുന്നു. ആന്ദ്രപ്രദേശ് സ്വദേശിയാണ് അതാവുളളഖാന്‍.