CRIME
അച്ഛന്റെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ
കൊച്ചി: അങ്കമാലിയില്‍ അച്ഛന്റെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് ഇന്ന് അടിയന്തരശസ്ത്രക്രിയ. തലയ്ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന രക്തം നീക്കംചെയ്യുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്.
കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനെതുടര്‍ന്നാണ് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. രാവിലെ ഒമ്പതേകാലോടെയാണ് ശസ്ത്രക്രിയ. ഒന്നരമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാകും.
നാലുദിവസം മുമ്പാണ് കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസാണ് (40) തന്റെ 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യംകൊണ്ടുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍, കിടപ്പുമുറിയില്‍ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍നിന്ന് ബലമായി പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ടുപ്രാവശ്യം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ഷൈജുവിന്റെ ഭാര്യ നേപ്പാള്‍ സ്വദേശിനിയാണ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളു. നേപ്പാളില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്ത് താമസം തുടങ്ങിയത്.
കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലില്‍ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ ഷൈജു വര്‍ഷങ്ങളായി അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്.
Comments