അജൈവമാലിന്യ ശേഖരണം: സ്മാർട്ടാകാൻ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്
വീടുകളിലെ അജൈവമാലിന്യ ശേഖരണം സമയബന്ധിതമായി നടത്തുന്നതിനായി “ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ” ക്യൂ ആർ കോഡ് വീടുകളിൽ പതിപ്പിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് ആപ്പിന്റെ പ്രവർത്തനം.
ക്യു ആർ കോഡ് പതിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഒന്നാം വാർഡിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വേണുമാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗീത കാരോൽ, ബേബി സുന്ദർരാജ്, ബിന്ദു മുതിരക്കണ്ടത്തിൽ വി ഇ ഒ അനുശ്രീ, ഹരിതകർമ്മ സേന അംഗമായ ബ്രിജീന, കെൽട്രോൺ പ്രൊജക്റ്റ് അസിസ്റ്റന്റ് നിതിൻരാജ്, ജില്ലാ കോർഡിനേറ്റർ സുഗീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാർ, ഹരിതകർമസേന അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ സുധ സ്വാഗതവും വി ഇ ഒ ദിപിൻ നന്ദിയും പറഞ്ഞു. ക്യൂ ആർ കോഡ് പതിപ്പിക്കുന്നതിനായി ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിലെത്തുമ്പോൾ റേഷൻ കാർഡ്, മൊബൈൽ ഫോൺ നമ്പർ എന്നീ വിവരങ്ങൾ ഹരിതകർമ്മ സേന വളണ്ടിയർമാർക്ക് നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.