അജ്ഞാതർ ജാനകിക്കാട്ടിൽ മൂടിക്കിടന്ന കിണറിലെ മണ്ണ് മാന്തി കൊണ്ടുപോയി; പോലീസും വനം വകുപ്പും ഇരുട്ടിൽ തപ്പുന്നു. നിധിവേട്ടയെന്ന് സംശയം
കോഴിക്കോട്: ജാനകിക്കാട്ടിലെ ആളനക്കമില്ലാത്ത കാട്. ആരുമങ്ങനെയെത്താത്ത ഒരു ക്ഷേത്രം. സമീപത്ത് 100 വര്‍ഷം പഴക്കമുണ്ട് എന്ന് കരുതുന്ന കിണര്‍. പേരാമ്പ്രക്കടുത്ത ജാനകിക്കാട്ടിലെ ഈ കിണറ്റില്‍ നിധിയുണ്ടെന്ന് ക്ഷേത്രത്തിലെ താംബൂല പ്രശ്‌നത്തിൽ കണ്ടതായി ചിലർ പറയുന്നു. താംബൂലപ്രശ്നവും മറ്റും ഏതാനും വർഷം മുമ്പ് നടന്നതാണ്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ വനപാലകര്‍ക്ക് കാണാനായത് ആ കിണറ്റിലെ മണ്ണ് മുഴുവൻ ആരോ എടുത്ത് മാറ്റിയതാണ്.
മാലിന്യവും മണ്ണുമായി പകുതിയോളം നിറഞ്ഞ കിണറ്റില്‍ നിന്ന് മണ്ണ് മാറ്റുക എത്ര എളുപ്പമുള്ള പണിയല്ല. അതും വനപാലകരുടെ അധീനതയുള്ള സ്ഥലത്ത് നിന്ന്. പക്ഷെ ഒരു സുപ്രഭാതത്തില്‍ ഈ കിണറ്റിലെ മണ്ണ് അപ്രത്യക്ഷമായതായി വാർത്ത പരന്നു. ഇതോടെയാണ് കിണറ്റിനുള്ളിൽ നിധിയുണ്ടെന്ന വിശ്വാസമാണോ ഇത്തരം പ്രവര്‍ത്തിക്ക് പിന്നിലെന്ന ചോദ്യം ഉയർന്നു. നാട്ടുകാരും വനപാലകരും ഒരുപോലെ ചോദിക്കുന്ന ഈ ചോദ്യത്തിന് പക്ഷേ ഇനിയും ഉത്തരം കണ്ടെത്താൻ പോലീസിനായിട്ടില്ല. മരുതോങ്കര പഞ്ചായത്തിൽ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ വര്‍ഷങ്ങളോളം പഴക്കമുള്ള കിണറിലെ മണ്ണാണ് അജ്ഞാതര്‍ മാറ്റിയിരിക്കുന്നത്.
ഏതാനും ദിവസം മുമ്പ് മാത്രമാണ് കിണറിലെ മണ്ണ് നീക്കംചെയ്തത് വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജാനകിക്കാട് തൃക്കൈപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിനടുത്തായാണ് കിണര്‍ സ്ഥിതിചെയ്യുന്നത്. ആദ്യത്തെ രണ്ടു പടവുകള്‍ കഴിഞ്ഞാല്‍ പിന്നെ കിണറിന്റെ ബാക്കിഭാഗം കാലപ്പഴക്കംകൊണ്ടും മാലിന്യംകൊണ്ടും നികന്ന നിലയിലായിരുന്നു. മൂന്നിലേറെ ആളുകള്‍ അഞ്ചുദിവസത്തോളം കഠിനപ്രയത്‌നം ചെയ്‌തെങ്കില്‍ മാത്രമെ കിണറിലെ മണ്ണ് നീക്കാന്‍ പറ്റുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. പണിയായുധങ്ങളായ കൈക്കോട്ട്, പടന്ന, പിക്കാസ് എന്നിവയെല്ലാം കിണറിന് സമീപത്തുനിന്നും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുമുണ്ട്.
കാട്ടിനുള്ളില്‍ ഇത്ര ദുഷ്‌ക്കരമായ ജോലി വൃത്തിയായി ചെയ്തിരിക്കുന്നതു കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് നാട്ടുകാർ. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് തൊട്ടില്‍പ്പാലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏതായാലും കിണര്‍ പണിയില്‍ വിദ്ഗ്ധരായവര്‍ക്ക് മാത്രമേ ഇതിലേക്ക് ഇറങ്ങാനും ഇത്രപെട്ടെന്ന് ജോലി ചെയ്തുതീര്‍ക്കാനും സാധിക്കുകയുള്ളൂ.തങ്ങളുടെ അധീനതയിലുള്ള ഭൂമിയില്‍ ആളുകള്‍ അതിക്രമിച്ചുകടന്നത് അറിയാതെ പോയത് വനം വകുപ്പിന് സംഭവിച്ച വലിയ വീഴ്ചയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനി അധികൃതരുടെ ഒത്താശയോടെയാണോ ഇതെല്ലാം നടന്നത് എന്ന സംശയവും ശക്തിപ്പെടുന്നുണ്ട്. മരങ്ങളും വള്ളികളും പടര്‍ന്നുപന്തലിച്ച് സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലത്ത് നിന്ന് അനായാസം ഇത്തരമൊരു കാര്യം ചെയ്യണമെങ്കിൽ അവർക്ക് അധികൃതരുടെ സഹായം ലഭ്യമായിരിക്കണം എന്നഭിപ്രായപ്പെടുന്നവരുമുണ്ട്. ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല എന്ന് അധികൃതർ ആണയിടുന്നു.
കാടിനെ കുറിച്ചും ക്ഷേത്രത്തെ കുറിച്ചുമെല്ലാം നല്ലരീതിയില്‍ അറിവുള്ളവരാണ് അജ്ഞാതരെന്നാണ് സൂചന. ഇവര്‍ പഞ്ചായത്തിനകത്തുള്ളവരൊ പുറത്തുള്ളവരോ എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും കാട്ടിനുള്ളില്‍ അനധികൃത കടന്നുകയറ്റവും കുറ്റകൃതങ്ങളും നടന്നപ്പോള്‍ സോളാര്‍ കമ്പിവേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കിണറിലെ മണ്ണ് മാറ്റിയ സംഭവം ഗുരുതരമാണെന്നു തന്നെയാണ് വനംവകുപ്പ് പറയുന്നത്. പോലീസ് അധികൃതരാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടത്തേണ്ടത് എന്നാണ് അവരുടെ പക്ഷം.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ പി അബ്ദുള്ള അറിയിച്ചു. കിണറിലെ മണ്ണ് മാറ്റാനുപയോഗിച്ച പണിയായുധങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.