കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് എത്തി

കോഴിക്കോട്: പതിനാല് മാസം നീണ്ട കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എംകെ രാഘവൻ എംപിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് എത്തി. എം.പിഫണ്ടിൽ നിന്ന് പണം അനുവദിച്ചിട്ടും ആംബുലൻസ് വാങ്ങുന്നതിൽ കാലതാമസം വരുത്തിയത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ആംബുലൻസിനായി ഫണ്ട് അനുവദിച്ചിട്ടും കടലുണ്ടി പഞ്ചായത്ത് എം പി ഫണ്ട് വേണ്ടെന്ന് നിലപാടെടുത്തതായി എം കെ രാഘവൻ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം 14 മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബീച്ച് ആശുപത്രിക്ക് പുതിയ ആംബുലൻസ് ലഭിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് പുതിയ ആംബുലൻസ്. കോവിഡ് സമയത്താണ് എം പി ഫണ്ടിൽ നിന്ന് എം.കെ രാഘവൻ ആംബുലൻസിനായി 30 ലക്ഷം രൂപ അനുവദിച്ചത്.

എന്നാൽ, കളക്ടർ ഭരണാനുമതി നൽകാൻ പോലും മാസങ്ങളെടുത്തു. ആശുപത്രിയിലെ 20 വർഷം പഴക്കമുള്ള ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ രോഗി മരിച്ചതോടെ വിഷയം വീണ്ടും ചർച്ചയായി. ഉദ്യോഗസ്ഥരുടെ അനാവസ്ഥയും രാഷ്ട്രീയ സമ്മർദ്ദവും മൂലം ഫണ്ടനുവദിച്ചിട്ടും മറ്റിടങ്ങളിലും ആംബുലൻസ് സർവീസിന് എത്തുന്നത് വൈകുകയാണെന്ന് എം കെ രാഘവൻ എം പി ആരോപിച്ചു.

Comments

COMMENTS

error: Content is protected !!