അഞ്ച് കോച്ചുകൾ കുറഞ്ഞു: പരശുരാം ശ്വാസംമുട്ടിക്കുന്നു

ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ വലിയൊരുവിഭാഗം യാത്രക്കാർ രാവിലെ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്ക് ആശ്രയിക്കുന്ന പരശുരാം എക്സ്പ്രസിൽ ശ്വാസംമുട്ടിക്കുന്ന തിരക്ക്. 21 കോച്ചുകൾ വേണ്ടിടത്ത് 16 കോച്ചുകളുമായി തിങ്കളാഴ്ച പരശു വന്നപ്പോഴാണ് കമ്പാർട്ടുമെൻറുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞത്. ശ്വാസംവിടാൻപോലും കഴിയാതെ ആയിരങ്ങൾ വീർപ്പുമുട്ടിയപ്പോൾ പലരും ബോധരഹിതരായി. ചിലർ തലകറങ്ങിവീഴുകയും ഛർദിക്കുകയും ചെയ്തു. തീവണ്ടി ഇറങ്ങിയശേഷമാണ് ഇവർക്ക് വെള്ളംപോലും കുടിക്കാനായത്.

 

പരശുരാം എക്സ്പ്രസിലെ തിരക്ക് യാത്രക്കാർക്ക് പുതിയ കാര്യമല്ല. രാവിലെ ഒരിക്കലെങ്കിലും ഇതിൽ കയറിയവർക്കറിയാം അവസ്ഥ. 21 കോച്ചുകൾ ഉള്ളപ്പോഴും സൂചികുത്താൻപോലും സ്ഥലമുണ്ടാകില്ല. ഇതിനിടയിലാണ് കോച്ചുകളുടെ എണ്ണം കുറച്ചത്. ഏതാനുംദിവസങ്ങളായി കോച്ചുകളുടെ എണ്ണം കുറവാണെന്ന് യാത്രക്കാർ പറയുന്നു. പലരും പരാതിപ്പെട്ടിട്ടും ഒരുകാര്യവുമില്ല. തിങ്കളാഴ്ച അഞ്ച് കോച്ചുകൾ കുറഞ്ഞപ്പോൾ നൂറുകണക്കിന് യാത്രക്കാർക്ക് തിരിച്ചടിയായി.

 

വടകരയിൽ 8.05-നാണ് വണ്ടിയെത്തുക .രാവിലെ ഓഫീസുകളിലേക്ക് പോകുന്നവർക്കും സ്കൂൾ കുട്ടികൾക്കുമെല്ലാം ഏറ്റവും സൗകര്യപ്രദമായ തീവണ്ടിയാണിത്. അതുകൊണ്ടുതന്നെ വടകരയിൽമാത്രം ആയിരംമുതൽ രണ്ടായിരംവരെ യാത്രക്കാരുണ്ടാകും. കണ്ണൂർ, തലശ്ശേരി സ്റ്റേഷൻ പിന്നിട്ട് വടകര എത്തുമ്പോഴേക്കും കമ്പാർട്ട്മെന്റുകൾ നിറഞ്ഞുകവിയും. വടകരയിലുള്ളവർ ഏറെ സാഹസപ്പെട്ടാണ് കയറുക. ഉയരംകുറഞ്ഞവർ തിരക്കിൽപ്പെട്ട് ശ്വാസംകഴിക്കാൻപോലും കഴിയാതെ ബുദ്ധിമുട്ടും.

 

കൊയിലാണ്ടിയിലെത്തിയാൽ ഇവിടെയും നൂറുകണക്കിനാളുകളുണ്ടാകും. തിങ്കളാഴ്ച കോച്ചുകൾ കുറഞ്ഞതിനാൽ എല്ലാവർക്കും വടകരയിൽനിന്ന് കയറാൻ കഴിഞ്ഞില്ല. കയറിയവരാകട്ടെ ശ്വാസംവിടാനാകാതെ കുഴങ്ങുകയുംചെയ്തു.
Comments

COMMENTS

error: Content is protected !!