SPECIAL
അഞ്ച് മണിക്കൂറിലധികം സ്മാർട് ഫോണിൽ ചെലവഴിക്കുന്നവര്‍ സൂക്ഷിക്കുക
സ്മാർട്ഫോണിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ വ്യാപൃതരായിരിക്കുന്ന കൗമാരക്കാർ കരുതിയിരിക്കുക. ഇവരിൽ വിഷാദവും ആത്മഹത്യാപ്രവണതയും കൂടുതലാണെന്ന് പുതിയ പഠന റിപ്പോർട്ട്. പ്രതിദിനം അഞ്ച് മണിക്കൂറിലധികം ഫോണുമായി ഇരിക്കുന്നവരെ പ്രത്യേകം കരുതുക. ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലെ തോമസ് ജോയ്നറുടെ നേതൃത്വത്തിലാണ് അമിതമായ സ്ക്രീൻ വിനിയോഗവും ആത്മഹത്യാ മരണം, വിഷാദം എന്നിവയുമായുള്ള ബന്ധം പഠന വിധേയമാക്കിയത്.
ആധുനിക കാലത്തെ അപകട ഘടമകായി ഇതിനെ വിലയിരുത്തുന്നു. സ്മാർട് ഫോണുമായി ബന്ധപ്പെട്ടുള്ള മാനസിക ആരോഗ്യം വളരെ ഗുരുതര പ്രശ്നമാണ്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ഗൗരവമായി ആലോചന നടത്തണമെന്നും തോമസ് ജോയ്നർ പറയുന്നു. കൗമാരക്കാരായ മക്കൾ കൂടുതൽ സമയം ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്ക്രീനിൽ വ്യാപ്തരാണെങ്കിൽ അവരെ നിരീക്ഷിക്കാൻ ജോയ്നർ രക്ഷിതാക്കളെ പ്രേരിപ്പിച്ചു.
2010ന് ശേഷം 13നും 18നും ഇടയിൽ പ്രായമുള്ളവരിൽ വിഷാദവും ആത്മഹത്യയും വൻതോതിൽ ഉയർന്നതായി അമേരിക്കൻ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ പറയുന്നു. ഇതിൽ പെൺകുട്ടികളാണ് മുന്നിൽ. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗമാണ് വില്ലൻ എന്നും പഠനം പറയുന്നു. 2010നും 2015നും ഇടയിൽ കൗമാരക്കാരിൽ ആത്മഹത്യാ പ്രവണത 31 ശതമാനം വർധിച്ചിട്ടുണ്ട്. കടുത്ത വിഷാദത്തിന് അടിപ്പെടുന്നവരുടെ എണ്ണം 33 ശതമാനവും വർധിച്ചു.
സ്ക്രീനിൽ നിന്ന് മാറി സ്പോർട്സ്, വ്യായാമം, സുഹൃത്തുക്കളെ നേരിൽ കണ്ട് സംസാരിക്കുന്നവർ, ഗൃഹപാഠം ചെയ്യുന്നവർ, പള്ളിയിൽ പോകുന്നവർ എന്നിവർ കൂടുതൽ സന്തോഷവാൻമാരാണെന്നും പഠനത്തിൽ വ്യക്തമാകുന്നു. ഒരു മണിക്കൂറിനും രണ്ടുമണിക്കൂറിനും ഇടയിൽ മാത്രം ഫോണിൽ ചെലവഴിക്കുന്നവർ താരതമ്യേന സുരക്ഷിത മേഖലയിലാണ്.
Comments