തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

ഗുളികൻ

കേരളത്തിൽ അങ്ങോളമിങ്ങോളം വ്യത്യസ്ത രൂപഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ് ഗുളികൻ. വടക്കൻ കേരളത്തിലെ മലയസമുദായക്കാർ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്ന ദേവതയാണിത്. പരമശിവന്റെ ഇടത്തെകാലിന്റെ പെരുവിരൽ പൊട്ടിപ്പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ.
കാലിൽ നിന്നുടലെടുത്തതിനാൽ പുറങ്കാലൻ എന്നും വിളിക്കപ്പെടുന്നു.

സർവ്വവ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ എത്താത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്നാണ് വിശ്വാസം. സർവ്വദോഷനിവാരകനായ ഗുളികൻ മന്ത്രമൂർത്തികളിൽ പ്രധാനിയാണ്. കാലന്റെ ദൗത്യം കൂടി നിർവഹിക്കാൻ നിയോഗിക്കപ്പെട്ട ദേവത ആയതിനാൽ പ്രപഞ്ചത്തിലെ ജനനമരണ പരിപാലകൻ എന്ന പ്രാധാന്യവും ഗുളികനുണ്ട്. നൂറ്റിയൊന്ന് ഗുളികന്മാരുണ്ടെന്നാണ് വിശ്വാസം. കാലഗുളികൻ (തെക്കൻ ഗുളികൻ), മന്ത്രഗുളികൻ (വടക്കൻ ഗുളികൻ), കരിംഗുളികൻ, മാരണഗുളികൻ മുതലായവർ അവരിൽ ചിലരാണ്. തെക്കൻ ഗുളികൻ, വടക്കൻ ഗുളികൻ, കരിംഗുളികൻ, കാരഗുളികൻ, മൂകാംബിഗുളികൻ മുതലായ തെയ്യങ്ങൾ മലയ സമുദായക്കാരും മാരണഗുളികൻ കോപ്പാള സമുദായവുമാണ് കെട്ടിയാടാറുള്ളത്.

ഐതിഹ്യം :

മാർക്കണ്ഡേയനെ വധിക്കാൻ ശ്രമിച്ച കാലനെ പരമശിവൻ കൊന്നപ്പോൾ ഭൂമിയിൽ മരണം നിലയ്ക്കുകയും ഭൂമിദേവിയുടെ ഭാരം അസഹനീയമായി വർദ്ധിക്കുകയും ചെയ്തു. ഭൂമിദേവിയുടെ സങ്കടം കണ്ട് ദേവന്മാരുൾപ്പെടെ എല്ലാവരും ചേർന്ന് പരമശിവനോട് സങ്കടം ഉണർത്തിച്ചു. അപ്പോൾ ഭൂമിസംരക്ഷണത്തിനായി പരമശിവന്റെ ഇടങ്കാലിലെ പെരുവിരൽ പൊട്ടിപ്പിളർന്നുണ്ടായ പുത്രനാണ് ഗുളികൻ.


തൃശൂലവും കാലപാശവും നല്‍കിയാണ് ശിവന്‍ ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാന്‍ ഭൂമിയിലേക്കയച്ചത്.


തെയ്യം :
മലയസമുദായക്കാരാണ് ഗുളികന്റെ മുഖ്യ കോലധാരികൾ. മുഖപ്പാളയും ഒലിയുടയും (കുരുത്തോല കൊണ്ടുള്ള അരവസ്ത്രം) കയ്യില്‍ ത്രുശൂലവും വെള്ളോട്ട് മണിയും ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലുമായാണ് ഗുളികന്‍ തെയ്യമിറങ്ങുക. അരിച്ചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുണ്ടാകും.


വടക്കൻ ഗുളികനും തെക്കൻ ഗുളികനുമാണ് കൂടുതൽ സ്ഥലങ്ങളിലുമുള്ളത്.
കണ്ണൂർ നഗരത്തിന്റെ സമീപപ്രദേശങ്ങളിലും തെക്കൻ ഭാഗങ്ങളിലും തെക്കൻ ഗുളികനും കണ്ണൂർ ജില്ലയുടെ വടക്കൻ മേഖലകളിലും കാസർഗോഡ് ജില്ലയിലും വടക്കൻ ഗുളികനുമാണുള്ളത്. ഇവർ തമ്മിലുള്ള പ്രധാന രൂപവ്യത്യാസം തെക്കൻ ഗുളികന്റെ പൊയ്ക്കാലുകളും ഉയരത്തിലുള്ള കുരുത്തോലമുടിയുമാണ്. കാവിന്റെ മുറ്റത്ത് ഏറെ തമാശക്കാരനായി മാറുന്ന ഗുളികൻതെയ്യം കുട്ടികളുടെ പിന്നാലെ ഓടിയും അവരുടെ ആർപ്പുവിളികൾക്ക് ചെവിവച്ചുകൊടുത്തും അവരുടെ പ്രിയങ്കരനായി മാറുന്നു.

Comments

COMMENTS

error: Content is protected !!