അടിയന്തിരാവസ്ഥയേക്കാൾ ഭീതിദമായ കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്; ശിവസുന്ദർ
വടകര: അടിയന്തിരാവസ്ഥയേക്കാൾ ഭീതിദമായ കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് പ്രശസ്ത പത്രപ്രവർത്തകൻ ശിവസുന്ദർ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥക്കാലത്ത് പ്രതിപക്ഷം സക്രിയമായിരുന്നു. വിശാലമായ ഐക്യനിര രൂപപ്പെട്ടിരുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയായ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ തത്വാധിഷ്ഠിത നിലപാടുള്ള, ദിശാബോധമുള്ള പ്രതിപക്ഷനിരയുടെ അഭാവം വർത്തമാനകാല ഇന്ത്യയുടെ ദുരന്തമാണെന്നും പ്രശസ്ത പത്രപ്രവർത്തകനും ഗൗരീലങ്കേഷിൻ്റെ സഹപ്രവർത്തകനുമായിരുന്ന ശിവസുന്ദർ പറഞ്ഞു.
അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയായിരുന്ന സി എച്ച് അച്ചുതന്റെ അനുസ്മരണ പരിപാടിയിൽ, വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ ‘വർത്തമാന ഇന്ത്യയിൽ അടിയന്തിരാവസ്ഥ ഓർമ്മപ്പെടുത്തുന്നത്’ എന്ന വിഷയം അവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നീതിക്ക് വേണ്ടി കോടതി കയറിയവർ പ്രതിയാക്കപ്പെടുകയാണ്. മനുഷ്യാവകാശ പ്രവത്തകയും ആക്ടീവിസ്റ്റുമായ ടീസ്റ്റ സെറ്റൽവാദിനേയും ആർ ബി ശ്രീകുമാറിനെറെയും കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുമ്പോൾ, ഹിന്ദുത്വ ഭീകരരായ മായാ കോട്ട് നാനിയും, ബാബ ബജ്രംഗിയും സ്വൈരമായി പൊതു ഇടങ്ങളിൽ വിഹരിക്കുകയാണ്. ഭയം കൊണ്ട് മാത്രമല്ല ആശയപരമായ അടിമത്തം കൊണ്ടും മാധ്യമങ്ങൾ മുട്ടിലിഴയുന്ന കാഴ്ചയാണ് കാണുന്നത്. വാർത്തകളെ തമസ്കരിക്കുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രൊപ്പഗാൻറകൾ വാർത്തകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രക്ഷേപണം ചെയ്യുന്നു. ഫാഷിസ്റ്റുകൾക്ക് അടിത്തറ ഒരുക്കുന്ന, ബ്രാഹ്മണിക്കൽ ആശയങ്ങൾക്ക് ബദൽ സൃഷ്ടിക്കാൻ കഴിയുന്ന, തുല്യതയിലുള്ള വിശ്വാസം ഉയർത്തിപ്പിടിച്ച് വിശാലമായ ഐക്യനിര ഉയർത്തിക്കൊണ്ടുവന്നെങ്കിൽ മാത്രമേ, ഹിന്ദുത്വയുടെ ഫാഷിസ്റ്റ് അധികാരത്തെ പ്രതിരോധിക്കാനാവൂ എന്ന് ശിവസുന്ദർ പറഞ്ഞു. ഫാഷിസത്തിന് വെള്ളവും വളവും നൽകുന്ന സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തെ മാറ്റിത്തീർക്കൽ അനിവാര്യമാണ്.
ജനാധിപത്യത്തിന് വേണ്ടി പ്രവർത്തിച്ചവരായിരുന്നില്ല, ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാൻ ഒരു നൂറ്റാണ്ട് മുമ്പ് ഗൂഢാലോചന തുടങ്ങിയവരാണ് സംഘപരിവാർ ശക്തികളെന്ന് പ്രമുഖ സോഷ്യലിസ്റ്റും ട്രേഡ് യൂനിയൻ നേതാവുമായ തമ്പാൻ തോമസ് പറഞ്ഞു. അതിൻ്റെ തുടർച്ചയാണ് സംഘപരിവാറിൻ്റെ അധികാരാരോഹണം. മതേതരത്വവും ജനാധിപത്യവും സോഷ്യലിസമെന്ന മുദ്രാവാക്യവും നിഹനിക്കുകയാണിവർ.
അഗ്നിപഥ് പദ്ധതിയിലൂടെ കൂലിപ്പട്ടാളത്തെ സൃഷ്ടിച്ച് ആർ എസ് എസിനെ സേവിക്കാനാണ് മോദി ഭരണത്തിൻ്റെ പദ്ധതി. ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്. ചങ്ങാത്ത മുതലാളിത്തം സൃഷ്ടിക്കുന്ന പണാധിപത്യത്തിനെതിരായ പ്രക്ഷോഭണം ഉയർന്നുവരണം. സാധാരണ തുണി ബ്രോക്കറായിരുന്ന അംബാനി കുടുംബവും സ്ക്രാപ്പ് ഏജൻറായിരുന്ന അദാനിയുമാണ് ഇന്ന് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നതാണ് മോദി ഭരണത്തിൻ്റെ ബാക്കിപത്രം.
ഡോ.കെ എൻ അജോയ് കുമാർ അധ്യക്ഷനായിരുന്നു. മുൻ എം എൽ എ, സി കെ നാണു, എം എം സോമശേഖരൻ, കുന്നേൽ കൃഷ്ണൻ, വി കെ പ്രഭാകരൻ, എം പി കുഞ്ഞിക്കണാരൻ, പി ടി ഹരിദാസ്, പി സി രാജേഷ്, പി കെ നാണു, എം ദിവാകരൻ എന്നിവർ സംസാരിച്ചു. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെയും ആർ ബി ശ്രീകുമാറിനെയും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഗുജറാത്ത് എ ടി എസ് നടപടിയിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കിയാണ് പരിപാടി ആരംഭിച്ചത്.