KERALA

അടുത്ത വർഷം മുതൽ കീം ഓൺലൈൻ

തിരുവനന്തപുരം: പ്രതിവർഷം ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതുന്ന എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) അടുത്ത വർഷം (2023-24) മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്താൻ സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷ കമീഷണർ കെ. ഇൻപശേഖർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

നിലവിൽ രണ്ട് പേപ്പറുകളായി നടത്തുന്ന പരീക്ഷ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒറ്റ പേപ്പർ ആയി നടത്താനാണ് കമീഷണർ ശിപാർശ നൽകിയത്. ജനുവരിയിലും മേയിലുമായി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ രണ്ട് അവസരങ്ങൾ നൽകണം. ഇതിൽ ഉയർന്ന സ്കോർ റാങ്കിന് പരിഗണിക്കണം.

യഥാർഥ സ്കോർ പരിഗണിക്കുന്നതിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളിൽ പിന്തുടരുന്ന പെർസന്‍റയിൽ സ്കോർ രീതി കേരള എൻട്രൻസിലും നടപ്പാക്കാനാണ് തീരുമാനം. ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്താമെന്നും ശിപാർശയിലുണ്ട്. നിലവിൽ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിന് രണ്ട് പേപ്പറുകളിലായി ഒ.എം.ആർ അധിഷ്ഠിത പേപ്പർ -പെൻ പരീക്ഷയാണ് നടത്തുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടിവരും. അതിനാൽ അന്തിമ റാങ്ക് പട്ടിക തയാറാക്കാൻ ശാസ്ത്രീയമായ സ്റ്റാൻഡേഡൈസേഷൻ രീതികൾ പാലിക്കണം.

ജെ.ഇ.ഇ മെയിൻ പരീക്ഷ മാതൃകയിൽ

ജെ.ഇ.ഇ മെയിൻ പരീക്ഷ ഘടനയിൽ കേരള എൻട്രൻസ് നടത്താനായിരുന്നു പരീക്ഷ കമീഷണർ ശിപാർശ നൽകിയിരുന്നത്. ഓരോ വിഷയത്തിനും രണ്ട് സെക്ഷൻ ഉണ്ടാകും. സെക്ഷൻ ‘എ’യിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ‘ബി’യിൽ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ട ചോദ്യങ്ങളും.

‘ബി’ സെക്ഷനിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് തുല്യ വെയ്റ്റേജോടെ വിദ്യാർഥികൾ 10ൽ ഏതെങ്കിലും അഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. നെഗറ്റിവ് മാർക്കിങ് ഉണ്ടാകും. പൂരിപ്പിക്കേണ്ട ചോദ്യങ്ങൾ (ഫിൽ ഇൻ ടൈപ്) നൽകുന്നതിലൂടെ ഉയർന്ന നിലവാരമുള്ള വിദ്യാർഥികളെ വേർതിരിക്കാൻ സഹായകമാകും. മൂന്നു മണിക്കൂർ ദൈർഘ്യമാണ് പരീക്ഷക്ക് ശിപാർശ ചെയ്തിരിക്കുന്നത്. ഫിസിക്സിനും കെമിസ്ട്രിക്കും മാത്സിനും 100 മാർക്ക് വീതം ആകെ 300 മാർക്കിന്‍റെ ചോദ്യങ്ങൾ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button