അട്ടക്കുളങ്ങര ജയിലില്‍ നിന്നും വനിതാ തടവുകാര്‍ രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും വിചാരണത്തടവുകാര്‍ പുറത്ത് ചാടിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ്. ജയിലിലെ മറ്റൊരു തടവുകാരിക്ക് ജയില്‍ചാട്ടത്തെ കുറിച്ച് അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 

ശില്‍പ മോള്‍, സന്ധ്യ എന്നീ തടവുകാരികളാണ് ഇന്നലെ വൈകുന്നേരം അട്ടക്കുളങ്ങര ജയില്‍ ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്.

 

സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത്. ദിവസങ്ങളായി തയ്യാറാക്കിയ പദ്ധതി അവസരം നോക്കിയിരുന്ന ശേഷം സമയബന്ധിതമായി നടപ്പാക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

 

ജയില്‍ ചാടുന്നതിന് മുമ്പ് ശില്‍പയെന്ന തടവുകാരി ഒരാളെ ഫോണ്‍ ചെയ്തിരുന്നു എന്നാണ് വിവരം. ജയില്‍ ചാടുന്നതിന് മുമ്പായി വിളിച്ച ഫോണ്‍കോളിലൂടെ പുറത്തെത്തിയതിന് ശേഷം വേണ്ട സഹായങ്ങള്‍ മുന്‍കൂട്ടി ഒരുക്കിയിരിക്കാമെന്നാണ് അനുമാനം.

 

വൈകുന്നേരം തടവുകാരെ തിരികെ സെല്ലില്‍ കയറ്റുന്ന സമയമായ 4:30ന് മുന്‍പ് ശില്‍പമോളും സന്ധ്യയും കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തില്‍ കയറി മതിലിന്റെ മുകളിലെത്തുകയായിരുന്നു.
ജയിലിന് പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടിയ ശേഷം ഓടി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു.
ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ഇതിനിടയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും ഡി.ഐ.ജി സന്തോഷ് കുമാറും അട്ടക്കുളങ്ങര ജയിലിലെത്തി.
തടവുകാരികള്‍ മുരിങ്ങമരത്തില്‍ കയറുന്നതിന്റേയും ഓട്ടോയില്‍ കയറി പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതികളായ ഇരുവര്‍ക്കും വേണ്ടി ഷാഡോ പൊലീസും സ്പെഷല്‍ ബ്രാഞ്ചും ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്. ഇവര്‍ തിരുവനന്തപുരം ജില്ല വിട്ടതായാണ് സൂചന. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഫോട്ടോകള്‍ നല്‍കിയിട്ടുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!