അട്ടപ്പാടി വെടിവയ്പിൽ പൊലീസിനെ ന്യായീകരിച്ച് ഡിജിപി; ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി
അട്ടപ്പാടി മഞ്ചക്കണ്ടി വെടിവയ്പിൽ പൊലീസിനെ ന്യായീകരിച്ച് ഡിജിപി. ആത്മരക്ഷാർത്ഥമുള്ള വെടിവയ്പാണ് പൊലീസ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി. മാവോയിസ്റ്റാണ് ആദ്യം വെടിയുതിർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ടാണ് നിലവിൽ സമർപ്പിച്ചിരിക്കുന്നത്. വിശദമായ റിപ്പോർട്ട് പിന്നീട് സമർപ്പിക്കും.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിക്കാനാണ് വെടിയുതിർത്തതെന്നാണ് വാദം. അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് ഡിജിപിയുടെ റിപ്പോർട്ട് എന്നത് ശ്രദ്ധേയമാണ്.
അതേസമയം, മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ അവ്യക്തത. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞത്. ബാക്കി രണ്ട് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം തിരിച്ചറിയുന്നതിലാണ് അവ്യക്തത തുടരുന്നത്.