കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം

കേരളത്തില്‍ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം. ഇതിനായി തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറി. ധനമന്ത്രാലയമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങളുള്‍പ്പെടെ പരിശോധിച്ചതിനുശേഷമാവും കേരളത്തിലെ എയിംസ് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുക.  കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്.
കര്‍ണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. ധനകാര്യമന്ത്രാലയം ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ മുരളീധരന്‍ എം പി പ്രതികരിച്ചു. രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്.
Comments

COMMENTS

error: Content is protected !!