KERALA
അതിവേഗ റെയിൽപാത : ആകാശ സർവേ തൃശൂരെത്തി
കാസർകോട്–- തിരുവനന്തപുരം അർധ അതിവേഗ റെയിൽപാത പദ്ധതിയുടെ ആകാശ സർവേ മൂന്നാം ദിനം തൃശൂരിലെത്തി. ഹെലികോപ്‌റ്ററിൽനിന്ന് ലേസർ രശ്മി കടത്തിവിട്ടുകൊണ്ടുള്ള ലിഡാർ സർവേ നാലു ദിവസംകൂടിയെടുത്ത് പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന കെആർഡിസിഎൽ എംഡി വി അജിത് കുമാർ പറഞ്ഞു.
വെള്ളിയാഴ്‌ച തൃശൂരിൽനിന്ന് ആരംഭിക്കുന്ന സർവേ എറണാകുളത്തെത്തും. തുടർന്ന് തിരികെയും നടത്തും. എറണാകുളം–- കോട്ടയം റൂട്ടിലെ സർവേ ഒരു ദിവസംകൊണ്ട് പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. ശേഷം കോട്ടയം–- തിരുവനന്തപുരം റൂട്ടിലും തിരിച്ചും നടത്തുന്നതോടെ ലിഡാർ സർവേ പൂർത്തിയാകും.
ദിവസവും എയർ ട്രാഫിക് വിഭാഗത്തിന്റെ അനുമതി ലഭ്യമായാൽ മാത്രമേ സർവേ ആരംഭിക്കാനാകൂ. കൊച്ചുവേളിയിൽനിന്ന് കാസർകോടുവരെ 11 ജില്ലകളിലൂടെ 532 കിലോമീറ്ററിൽ നാല് മണിക്കൂർകൊണ്ട് സഞ്ചരിക്കാവുന്ന പാതയ്‌ക്ക് തിരുവനന്തപുരംമുതൽ തൃശൂർവരെയുള്ള ഭാഗത്താണ് സ്ഥലമെടുപ്പ് വേണ്ടിവരുന്നത്. കാൺപുർ ഐഐടി ആസ്ഥാനമായ ‘ജിയോക്നോ’യാണ് ആകാശ സർവേ നടത്തുന്നത്.
സർവേ റിപ്പോർട്ട് ഒരു മാസത്തിനകം ലഭിക്കും. തുടർന്ന് കെആർഡിസിഎൽ ഡയറക്ടർബോർഡ് ചേർന്ന് അംഗീകരിച്ചശേഷം സംസ്ഥാന സർക്കാരിനും കേന്ദ്ര റെയിൽമന്ത്രാലയത്തിനും സമർപ്പിക്കും.
Comments