അത്തോളി ജി വി എച്ച് എസ് എസിലെ സുരക്ഷിതമല്ലാത്ത ശുചിമുറിക്കു പകരം പൊളിച്ചത് ഉപയോഗത്തിലുള്ള ശുചിമുറി

അത്തോളി ജി വി എച്ച് എസ് എസിലെ സുരക്ഷിതമല്ലാത്ത ശുചിമുറിക്കു പകരം പൊളിച്ചത് ഉപയോഗത്തിലുള്ള ശുചിമുറി. സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചു മാറ്റാൻ ടെൻഡർ നൽകിയ കെട്ടിടത്തിനു പകരം ഉപയോഗിക്കുന്ന ശുചിമുറി കെട്ടിടം പൊളിച്ചുമാറ്റിയതായി പരാതി. അത്തോളി ജിവിഎച്ച്എസ്എസിലെ ഹയർസെക്കൻഡറി ബ്ലോക്കിന് പിറകിലുള്ള ഇരുനില ശുചിമുറി കെട്ടിടം നിൽക്കുന്ന ഭൂമിയിൽ വിള്ളൽ കണ്ടതോടെ ഈ കെട്ടിടം സുരക്ഷിതമല്ലെന്ന് എൻജിനീയർമാർ അറിയിച്ചതിനെ തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റാൻ ടെൻഡർ നൽകി. എന്നാൽ സമീപത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 10 ശുചിമുറികളുള്ള കെട്ടിടമാണ് കരാറുകാരൻ പൊളിച്ചു നീക്കിയത്.

5 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയും പിടിഎ ഫണ്ടും ഉപയോഗിച്ചാണ് ഈ കെട്ടിടം പണിതത്. അവധി ദിവസമായതിനാൽ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടത് വൈകിയാണ്. ഇതോടെ പൊളിക്കൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴേക്കും കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയും വാതിലുകളും ടൈലുകളും ജലവിതരണ പൈപ്പുകളും നാപ്കിൻ വെൻഡിങ് മെഷീനുകളും പൊളിച്ചു മാറ്റിയിരുന്നു. ഏറെക്കുറെ പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ അസ്തിവാരം മാത്രമാണ് അവശേഷിക്കുന്നത്.

ഈ വിദ്യാലയത്തിലെ ഏറെ പഴക്കമുള്ള ഓടിട്ട കെട്ടിടവും പൊളിച്ച് മാറ്റുന്നുണ്ട്. ഉപ ടെൻ‍‍ഡർ എടുത്തവരുടെ അശ്രദ്ധയാണ് കാരണമെന്നാണ് പരാതി. ഈ പ്രവ‍ൃത്തിക്ക് അധികൃതരിൽ നിന്ന് അനുവാദം വാങ്ങിയില്ലെന്ന് ചുമതലയുള്ള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. അവധി ദിവസങ്ങളിൽ ഇത്തരം പ്രവൃത്തികൾ അനുമതിയില്ലാതെ നടത്തരുതെന്ന നിയമം ലംഘിച്ചുമാണ് കെട്ടിടം പൊളിച്ചത്. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം സംഭവത്തിൽ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് റിപ്പോർട്ട് അയച്ചു. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ശുചിമുറി പൊളിച്ചു മാറ്റിയതിനാൽ സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവും.

Comments

COMMENTS

error: Content is protected !!