അധികൃതരുടെ, സഹജീവികളുടെ കനിവ് കാത്ത് കുടുംബം
പേരാമ്പ്ര : വയോധികനായ ഗൃഹനാഥനും ഭാര്യയും, ഭിന്നശേഷിക്കാരനും നിരവധി രോഗങ്ങള്‍ക്ക് അടിമയുമായ മകൻ, വിധവയായ മകൾ. ഈ നിർധന കുടുംബം താമസിക്കുന്നത് ഇടിഞ്ഞ് വീഴാറായ വീട്ടിൽ, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ കൈപ്രം കരിങ്ങാറ്റിമ്മല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ്. കിഴക്കെ കുറുങ്ങോട്ട് കുഞ്ഞികൃഷ്ണന്‍ അടിയോടിയുടെ വീടിനും കുടുംബത്തിനുമാണ് ഈ ദുര്‍ഗതി. പ്രായാധിക്യവും വാതരോഗവും മൂലം എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് എഴുപതുകാരനായ കുഞ്ഞികൃഷ്ണന്‍. രോഗിയായ ഭാര്യ കല്യാണി അമ്മക്കും 25 കാരനായ ഭിന്നശേഷിക്കാരൻ മകനും വിധവയായ മകള്‍ക്കും അടച്ചുറപ്പുള്ള ഒരു വീടെന്ന ആവശ്യവുമായി ഇയാള്‍ മുട്ടാത്ത വാതിലുകളില്ല.
മറ്റ് വരുമാനങ്ങളൊന്നുമില്ല. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. മകന്റെ ചികിത്സക്ക് മിക്കവാറും ദിവസങ്ങളിൽ ആശുപത്രിയില്‍ പോവണം. ചികിത്സയ്ക്ക് വലിയ തുക വേണം. ചിതലരിച്ച് അടർന്നു വീഴുന്ന, ഏത് സമയവും നിലം പതിക്കാറായ വീട്ടിൽ ഭയാശങ്കകളോടെ ഇവർ മനുഷ്യരുടെ കനിവ് പ്രതീക്ഷിച്ച് കഴിയുന്നു.