കൊയിലാണ്ടി ഹാർബർ നിയന്ത്രണങ്ങളോടെ പ്രവർ‌ത്തിക്കും

കൊയിലാണ്ടി : സാമൂഹിക അകലവും കോവിഡ് നിയന്ത്രണവും പാലിച്ച് കൊയിലാണ്ടി ഹാർബർ പ്രവർത്തിക്കാൻ തീരുമാനം. വടകര ആർ.ഡി.ഒ. വി.പി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചേർന്ന ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി യോഗത്തിന്റേതാണ് തീരുമാനം. ബാരിക്കേഡുകൾ സ്ഥാപിച്ച് മൊത്തക്കച്ചവടത്തിനും ചില്ലറക്കച്ചവടത്തിനും പ്രത്യേക വിഭാഗം വേർതിരിക്കും. പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും തടയും. വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. കച്ചവടക്കാർക്ക് ടോൾ സമ്പ്രദായംവഴി ഒരുമണിക്കൂർസമയം മാത്രമേ അനുവദിക്കൂ. പുറത്തുനിന്ന് മത്സ്യം വാങ്ങാൻ വരുന്നവർക്ക് പാസ് ഏർപ്പെടുത്തും.

നഗരസഭാധ്യക്ഷൻ കെ. സത്യൻ, കൊയിലാണ്ടി തഹസിൽദാർ ഗോകുൽദാസ്, സി.ഐ. സുഭാഷ് ബാബു, ജനപ്രതിനിധികൾ, വ്യാപാരി- തൊഴിലാളി പ്രതിനിധികൾ തുടങ്ങിയ സംഘം തിങ്കളാഴ്ച രാവിലെ ഹാർബറിലെത്തി സ്ഥിതി വിലയിരുത്തി.

കൊയിലാണ്ടിയിലും പേരാമ്പ്രയിലും ജാഗ്രത

കൊയിലാണ്ടി : കോവിഡ് ജാഗ്രതയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ വടകര ആർ.ഡി.ഒ. വി.പി. അബ്ദുൾ റഹ്മാൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു. ജൂലായ് അഞ്ചിന് കൊയിലാണ്ടി മാർക്കറ്റിൽ പച്ചക്കായ ഇറക്കിയ ലോറിഡ്രൈവർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർക്കറ്റിലെ മൂന്ന് കടകൾ താത്‌കാലികമായി അടച്ചിടും. ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ 10 തൊഴിലാളികളെ നിരീക്ഷണത്തിലാക്കും. അവർക്ക് അടിയന്തരമായി കോവിഡ് ടെസ്റ്റ് നടത്താനും തീരുമാനിച്ചു.

നഗരത്തിൽ എത്തുന്ന എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് നഗരസഭ ചെയർമാൻ കെ. സത്യൻ ആവശ്യപ്പെട്ടു.

പേരാമ്പ്ര : എരവട്ടൂർ സ്വദേശിയായ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പേരാമ്പ്രയിൽ ജാഗ്രത. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽനിന്ന് എത്തിയശേഷം നാലുമുതൽ നാലുദിവസം ഇവർ വീട്ടിലുണ്ടായിരുന്നതായാണ് ആരോഗ്യവിഭാഗത്തിന് ലഭിച്ച വിവരം. രണ്ടുബാങ്കുകളിൽ ഇവർ പേയിട്ടുണ്ട്. ഓട്ടോയിലും ബസിലും ജീപ്പിലും യാത്ര ചെയ്തതായാണ് വിവരം. എട്ടിനാണ് തിരികെപ്പോയത്. എട്ടാംതീയതി നടത്തിയ സ്രവ പരിശോധനയുടെ ഫലം പോസിറ്റീവായതോടെ തിങ്കളാഴ്ച വൈകീട്ടുതന്നെ പോലീസ് എത്തി കടകളിൽ ജാഗ്രതാനിർദേശം നൽകി.

നഗരത്തിൽ പലയിടങ്ങളിലും ലോക്ഡൗണിന്റെ ആദ്യസമയങ്ങളിലെ ജാഗ്രത ഇപ്പോൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. നഗരത്തിൽ അനാവശ്യമായി സമയം ചെലവഴിക്കാൻ എത്തുന്നവരും നിരവധി.

Comments

COMMENTS

error: Content is protected !!