അനാമിക ബെസ്റ്റ് ഡിബേറ്റർ; കോഴിക്കോട് മികച്ച ജില്ല; കെ ഇ ടി, ബി എഡ് കോളേജ് ഒന്നാം സ്ഥാനത്ത്
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന തല ഡിബേറ്റിംഗ് മത്സരത്തിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം നേടി. ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച അഞ്ചംഗ ടീമിലെ സി ആർ അനാമികയെ ബസ്റ്റ് ഡിബേറ്ററായി തെരഞ്ഞെടുത്തു. ‘മകൾക്ക് നൽകുന്നത് സ്ത്രീധനമാണോ സമ്മാനമാണോ’ എന്നതായിരുന്നു ഡിബേറ്റിംഗിന് നൽകിയ വിഷയം. ബാലുശ്ശേരിയിലെ കെ ഇ ടി, ബി എഡ് കോളേജ് വിദ്യാർത്ഥിനിയാണ് അനാമിക. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വനിതാദിനാഘോഷച്ചടങ്ങുകളുടെ സമാപന പരിപാടിയിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്കാര സമർപ്പണം നടത്തി. ടീമിന് 10,000 രൂപ, അനാമികക്ക് പ്രത്യേകമായി 1000 രൂപ, ക്യാഷ് പ്രൈസും സമ്മാനിച്ചു. ഇതേ കോളേജിലെ ആർ പി അളകനന്ദ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും അഞ്ചുവീതം കോളേജുകളെ മത്സരത്തിലൂടെ തെരെഞ്ഞെടുത്ത് അവർ തമ്മിലായിരുന്നു ആദ്യ റൗണ്ട് മത്സരം. ലോ കോളേജ്, പ്രോവിഡൻസ് കോളേജ് ഉൾപ്പെടെയുള്ള കോളേജുകൾ തമ്മിലായിരുന്നു ജില്ലാതല മത്സരം. 14 ജില്ലകളിൽ നിന്നുള്ള മത്സര വിജയികൾ മാർച്ച് എഴിന് തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ഹാളിൽ ഒത്ത് ചേർന്ന് ക്വാട്ടർ ഫൈനൽ സെമീ ഫൈനൽ വരെയുള്ള മത്സരങ്ങൾ പൂർത്തിയാക്കി. അന്താരാഷ്ട വനിതാദിനമായ മാർച്ച് എട്ടിന് കനകകുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഫൈനൽമത്സരം. തിരുവനന്തപുരം കോഴിക്കോട് ജില്ലകളാണ് ഫൈനൽ റൗണ്ടിലെത്തിയത്. ഫൈനൽ മത്സരത്തിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച ടീം ഒന്നാം സ്ഥാനവും സി ആർ അനാമിക ബസ്റ്റ് ഡിബേറ്റർ സ്ഥാനവും കരസ്ഥമാക്കി. അനാമികയെ കൂടാതെ ആർ പി അളകനന്ദ, പി എസ് ദാത്രിയ, പി എം സാജിറ,വി ശ്രീഹരി എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
നിശാഗന്ധി ഓഡിറ്റോറിയത്തിലെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാന വിതരണം നടത്തി. വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി എന്നിവരും സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാണീ ജോർജ് സ്വാഗതം പറഞ്ഞു.