അഗ്‌നിപഥ്; കോർപ്പറേറ്റ് താല്പര്യങ്ങളും ഹിന്ദുരാഷ്ട്ര നിർമ്മിതിയും വിളക്കിച്ചേർത്ത സംഘപരിവാർ അജണ്ട

ഒന്നര വർഷംകൊണ്ട് 10 ലക്ഷം തൊഴിൽ നൽകുമെന്ന പ്രഖ്യാപനത്തോടൊപ്പമാണ് അഗ്നിപഥ് പദ്ധതിയുടെ തീരുമാനം നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പലരും ആദ്യം കരുതിയത് തൊഴിലില്ലായ്‌മ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരാർ അടിസ്ഥാനത്തിൽ സേനയിൽ ജോലി കൊടുക്കുന്നതിലൂടെ താത്കാലികമായെങ്കിലും ആശ്വാസം നൽകാനുള്ള പദ്ധതിയാണിതെന്നായിരുന്നു. 

ആളുകൾ ഏറ്റവും കൂടുതൽ പട്ടാളത്തിൽ ചേരാൻ ആഗഹിക്കുന്നത് എപ്പോഴാണ്? സാമ്പത്തിക പ്രതിസന്ധിയുടെ കാലങ്ങളിലായിരിക്കും എന്നുറപ്പ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്താണ്, ഭക്ഷ്യക്ഷാമം കൊടിമുടിയിലെത്തിയ മഹാമാന്ദ്യത്തിന്റെ കാലത്താണ് കേരളത്തിൽ നിന്ന് ചെറുപ്പക്കാർ പട്ടാളത്തിൽ ചേരാൻ നെട്ടോട്ടമോടിയത്. എങ്ങിനെയെങ്കിലും ഒരു ജീവതമുണ്ടാക്കാനുള്ള വെപ്രാളത്തിലാണ് ഈ ചെറുപ്പക്കാർ നാടും വീടും ഉറ്റവരേയുമൊക്കെ ഉപേക്ഷിച്ച്, വെടി കൊണ്ടു ചത്താലും വേണ്ടില്ല എന്ന് കരുതി, പട്ടാളത്തിൽ ചേരാൻ പാലായനം ചെയ്തത്. അതൊന്നും രാജ്യസ്നേഹം മൂത്ത് ഭ്രാന്തായിട്ടൊന്നുമായിരുന്നില്ല. ജീവിതം തേടിയുള്ള മരണപ്പാച്ചിലായിരുന്നു.


അതിന് സമാനമായ ഒരു സഹചര്യത്തിലൂടെയാണ് ലോകവും നമ്മുടെ രാജ്യവും ഇപ്പോൾ കടന്നുപോകുന്നത്. ലോകത്തെ സാമ്പത്തിക മാന്ദ്യം വിഴുങ്ങാൻ തുടങ്ങുന്നതായി ഐ എം എഫ് മുന്നറിയിപ്പ് നൽകിയിട്ട് ആഴ്ചകളേ ആയുള്ളൂ. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധന്മാർ, ലോകം മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇന്ത്യയും കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയുടെ നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. വിലക്കയറ്റവും നാണയപ്പെരുപ്പവും സർവ്വകാല റെക്കാർഡിലാണ്. രൂപയുടെ മൂല്യം വലിയ തോതിൽ ഇടിയുന്നു. ഇന്ത്യയിലെ വിദേശ നിക്ഷേപം വൻതോതിൽ പുറത്തേക്ക് ഒഴുകിപ്പോകാൻ തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടും സാധാരണ മനുഷ്യർക്ക് ഇതൊരു കെട്ടകാലമാണ്. ഇന്ത്യയിലെ യുവജനങ്ങൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ കൊടുക്കുന്ന രണ്ട് പൊതുമേഖലാസ്ഥാപനങ്ങളാണ് റെയിൽവേയും പട്ടാളവും രണ്ടും പൊളിച്ചു വിൽക്കാൻ തിരക്കിട്ട നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.


‘അഗ്നിപഥ്’ യുവാക്കളുടെ സ്വപ്നങ്ങളെപ്പോലും എന്നെന്നേക്കുമായി കരിച്ചു കളയുന്ന പദ്ധതിയാണ് എന്ന കാര്യത്തിൽ സംശയത്തിനിടയില്ല. കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷമായി, റിക്രൂട്ട്മെന്റ് നടപടികളൊക്കെ പൂർത്തിയാക്കി എഴുത്തു പരീക്ഷക്ക് തയാറെടുത്ത് കാത്തിരിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ കഞ്ഞിയിലാണ് പാറ്റ വീണത്. ചെറുപ്പക്കാർക്ക് ഭ്രാന്ത് പിടിച്ചെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ഇപ്പോൾ ‘നോ എൻട്രി’ ബോർഡാണ് പട്ടാളത്തിന്റെ മുൻ വാതിലിലിലും റെയിൽവേയിലുമൊക്കെ തൂക്കിയിട്ടിരിക്കുന്നത്.

 

പട്ടാളത്തിൽ 1.3 ലക്ഷം ഒഴിവുകളാണ് നിലവിലുളളത്. കഴിഞ്ഞ രണ്ടുവർഷം റിക്രൂട്ട്മെന്റേ നടന്നിട്ടില്ല. ഈ ഒഴിവുകളിലേക്ക് ഫിസിക്കൽ ടെസ്റ്റ് കഴിഞ്ഞ് എഴുത്തു പരീക്ഷയ്ക്കു കാത്തിരിക്കുന്ന ലക്ഷങ്ങളുണ്ട് ഇന്ത്യയിലാകെ. ഇനി മേൽ റെഗുലർ റിക്രൂട്ട്മെന്റ് ഉണ്ടാവില്ലന്ന് ഉറപ്പായി കഴിഞ്ഞു. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയിലാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. ഒന്ന്, തങ്ങളുടെ കോർപ്പറേറ്റ് സ്വകാര്യവൽക്കരണ അജണ്ട അലമ്പില്ലാതെ നടപ്പിലാക്കാം. രണ്ട് തങ്ങളുടെ ഹിന്ദുരാഷ്ട്ര നിർമ്മിതിക്ക് അത്യാവശ്യമായ, സംഘപരിവാർ നേതൃത്വത്തിലുള്ള അർദ്ധസൈനിക ദളങ്ങളെ നാട്ടിലാകെ നിർമ്മിച്ചെടുക്കാം.


അഗ്നിപഥ് പദ്ധതി നടപ്പിലാകുന്നതോടെ പെൻഷനും സ്ഥിരവരുമാനവും അന്തസ്സും ലഭിക്കുന്ന പട്ടാളക്കാരൻ ഇല്ലാതാവും. പകരം കൂലിക്ക് പണിയെടുക്കുന്ന സ്ഥിരവരുമാനമോ തൊഴിലോ പെൻഷനോ ഒന്നുമില്ലാത്ത കൂലിപ്പട്ടാളമായി ഇന്ത്യൻ സൈന്യം മാറും. സർക്കാറിന് സാമ്പത്തികപ്രതിസന്ധിയിൽ ഒരുപക്ഷേ നേരിയ ആശ്വാസം ലഭിക്കുമായിരിക്കും. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ ലോകത്തിന് മുമ്പിൽ തന്നെ ഇന്ത്യയുടെ അഭിമാനമായി നാം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ പട്ടാളം ഓർമ്മ മാത്രമാകും. ഭാവിയിലുണ്ടാകുന്ന യുദ്ധങ്ങളേയും രാജ്യസുരക്ഷയേയും അത് പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ രണ്ട് പക്ഷമുണ്ടാവില്ല. ഇതുവഴി തങ്ങളുടെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനാവശ്യമായ അർദ്ധസൈനിക വിഭാഗങ്ങളെ പരിശീലിപ്പിച്ചെടുക്കാമെന്നും സംഘപരിവാർ കണക്കുകൂട്ടുന്നു. പ്രതിവർഷം മൂന്നിലൊന്ന് അഗ്നിവീർമാരാണ് പട്ടാളത്തിൽ നിന്ന് പിരിഞ്ഞു വരിക. ഇവർ സർക്കാർ ചെലവിൽ ആറ് മാസത്തെ പ്രാഥമിക സൈനിക സേവനങ്ങൾ പൂർത്തിയാക്കിയവരാണ്. റിക്രൂട്ട്മെന്റ് സമയത്ത് സംഘപരിവാർ ആഭിമുഖ്യമുളളവരെ തിരികിക്കയറ്റാൻ കഴിയുംവിധമാകും റിക്രൂട്ട്മെന്റ് നിബന്ധനകൾ നിശ്ചയിക്കുക. കേന്ദ്ര ഭരണം കയ്യിലുള്ളപ്പോൾ അതിനവർക്ക് ബുദ്ധിമുട്ടുണ്ടാവില്ല. പട്ടാള സേവന കാലത്തും ഈ ചെറുപ്പക്കാരെ സംഘപരിവാർ ആഭിമുഖ്യമുള്ളവരാക്കി മാറ്റാൻ സംഘപരിവാരിന് നിലവിൽ തന്നെ സംവിധാനമുണ്ട്. അവർ പിരിഞ്ഞു വരുമ്പോൾ ബി ജെ പി ഓഫീസുകളിൽ പണി നൽകാമെന്നും ധോബി, ബാർബർ ജോലികൾ നൽകാമെന്നുമൊക്കെ ഭരണകക്ഷി നേതാക്കൾ പറയുന്നത് നാക്കുപിഴയായി കണക്കാക്കേണ്ട. ജർമനിയിലും ഇറ്റലിയിലും ‘ബ്രൗൺ ഷേട്ട്സ്’, എന്നും ‘ബ്ലേക്ക് ഷേട്ട്സ്’എന്നുമൊക്കെ അറിയപ്പെട്ട, ഹിറ്റ്ലർക്കും മുസ്സോളിനിക്കും വേണ്ടി അത്യാചാരങ്ങളിലേർപ്പെട്ട അർദ്ധസൈന്നിക വിഭാഗങ്ങളുടെ മാതൃകയിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകെ സംഘപരിവാർ ഗ്രൂപ്പുകളെ സൃഷ്ടിച്ചെടുക്കുക, എന്ന അജണ്ടയും അഗ്നിപഥ് റിക്രൂട്ട്മെന്റിന് കീഴിലുണ്ട്.

ഇന്ന് സൈന്യത്തിലെങ്കിൽ നാളെ റെയിൽവേയിലും ഇതു തന്നെയായിരിക്കും സ്ഥിതി. മോദിയുടെ 10 ലക്ഷം തൊഴിൽ പ്രഖ്യാപനം 2014-ലെ വർഷം തോറും രണ്ട് കോടി തൊഴിൽ പ്രഖ്യാപനം പോലെ തന്നെ മറ്റൊരു തട്ടിപ്പാണെന്ന് ഉറപ്പാണ്. 2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നു എന്നത് ഇപ്പോൾ ഓർമ്മയുണ്ടാകണം.

ആദ്യ രണ്ട് ദിവസങ്ങളിലെ റിക്രൂട്ട്മെന്റ് ലഹളകൾ ഉണ്ടായ 45 കേന്ദ്രങ്ങളിൽ, ഒന്നൊഴികെ ബാക്കിയെല്ലാം ബീഹാർ, കിഴക്കൻ യുപി, ദക്ഷിണ ഹരിയാന, രാജസ്ഥാനിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ ഏറ്റവും പിന്നോക്കവും ധാരാളം കുടിയേറ്റ തൊഴിലാളികളുള്ളതുമായ പ്രദേശങ്ങളാണ്. പ്രക്ഷോഭത്തിന്റെ രൂക്ഷതക്ക് കാരണം തൊഴിലില്ലായ്മയുടെ രൂക്ഷതയാണ് എന്നാണിത് വെളിവാക്കുന്നത്.

2020 മാർച്ചിൽ പട്ടാളത്തിൽ ഒമ്പത് ലക്ഷം ഒഴിവുകളുണ്ടായിരുന്നു. ഇപ്പോഴത് ചുരുങ്ങിയത് 11 ലക്ഷം ഒഴിവുകളായിട്ടുണ്ടാവും. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകളിൽ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇത് യാദൃശ്ചികമായി ഉണ്ടാവുന്നതല്ല. സർക്കാർ നയത്തിന്റെ ഫലമാണത്.
ഒന്നരവർഷംകൊണ്ട് 10 ലക്ഷം തൊഴിൽ നൽകുമെന്ന പ്രഖ്യാപനത്തോടൊപ്പമാണ് അഗ്നിപഥ് പദ്ധതിയുടെ തീരുമാനം നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. പലരും ആദ്യം കരുതിയത് തൊഴിലില്ലായ്‌മ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരാർ അടിസ്ഥാനത്തിൽ സേനയിൽ ജോലി കൊടുക്കുന്നതിലൂടെ താത്കാലികമായെങ്കിലും ആശ്വാസം നൽകാനുള്ള പദ്ധതിയാണിതെന്നായിരുന്നു. നിലവിലുള്ള പട്ടാളവും അതിലേക്കുള്ള നിയമനവും ആനുകൂല്യവും അത് പോലെ നിലനിൽക്കുമെന്നാണ് പലരും കരുതിയത്. സാധാരണഗതിയിൽ 60,000 പട്ടാളക്കാരെയാണ് ഓരോ വർഷവും റിക്രൂട്ട് ചെയ്യുമെന്ന് പറയുന്നത്. ഇതിനു പകരം വർഷംതോറും 45,000 അഗ്നിവീരന്മാരെ നാലു വർഷത്തേയ്ക്ക് നിയമിക്കുന്നു. ഇവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് സ്ഥിരം ജോലി. അതായത് സേനയിലെ സ്ഥിരം സൈനികരുടേയും സേനയുടെ തന്നെയും എണ്ണം സ്ഥിരമായി കുറച്ചുകൊണ്ടിരിക്കും. 2030 ആകുമ്പോൾ പട്ടാളക്കാരുടെ എണ്ണം 25 ശതമാനത്തിലധികം കുറയും.
10 ലക്ഷം പേർക്ക് നിയമനം നൽകണമെങ്കിൽ നിലവിലുള്ള ഒഴിവുകൾ മുഴുവൻ നികത്തണം. എന്നാൽ പ്രതിരോധ മേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നില്ലായെന്നു മാത്രമല്ല, ഭാവിയിൽ ഉണ്ടാകുന്ന 60,000 ഒഴിവുകളിൽ 45,000 മാത്രമേ നികത്തുകയുമുള്ളൂ. അതും നാല് വർഷത്തേയ്ക്കുള്ള കരാർ നിയമാണ് താനും.

അഗ്നിപഥ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കോർപ്പറേറ്റ് കരാർ തൊഴിൽ നയങ്ങളെ കേരളത്തിലെ ‘ഇടതുപക്ഷ’ സർക്കാർ എതിർക്കുന്നുണ്ട്. നല്ലതു തന്നെ. എന്നാൽ നയപരമായി തങ്ങളും സംഘപരിവാരവും തമ്മിലുള്ള വ്യത്യാസം എവിടെയാണെന്ന് അവർ വിശദീകരിക്കേണ്ടിവരും. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കരാർ തൊഴിലാളി നയങ്ങൾ തന്നെയാണിവിടെ കേരളത്തിലും നടപ്പിലാക്കുന്നത് എന്ന് വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ വ്യക്തമാകും. 74% സ്വകാര്യ നിക്ഷേപത്തിന് തയാറാണ് എന്നറിയിച്ചു കൊണ്ട് കെ റെയിലിന് അനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് മറന്നു പോകാൻ പാടില്ലാത്തതാണ്. ലാഭം പ്രതീക്ഷിക്കാതെ പൊതു ഗതാഗത സംവിധാനമായി, ദീർഘകാലം കൊണ്ട് സ്ഥാപിച്ചെടുത്ത കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ, സംസ്ഥാന സർക്കാരിന് ബാദ്ധ്യതയില്ലെന്ന് പ്രഖ്യാപിച്ച ഒരു ട്രാൻസ്പോർട്ട് മന്ത്രി നമുക്കുണ്ട്. ഇദ്ദേഹം കസേരയിട്ടിരിക്കുന്നത് ‘ഇടതുപക്ഷ മുന്നണി’ സർക്കാരിനകത്താണെന്ന് മറക്കരുത്. കെ എസ് ആർ ടി സിയിൽ പരിണിതപ്രജ്ഞരായ ഡ്രൈവർമാരും കണ്ടക്ടർമാരുമുണ്ടായിട്ടും അവരെയൊക്കെ ഒഴിവാക്കി, കരാറടിസ്ഥാനത്തിലുള്ള നിയമനം മാത്രമേ സിഫ്റ്റ് ബസ്സുകളിൽ നടത്തൂ, എന്ന വാശിയിലാണ് സംസ്ഥാന സർക്കാർ. തങ്ങളുടെ മന്ത്രിമാരുടെ ഓഫീസുകളിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള ബോർഡുകളിലും സഹകരണ സ്ഥാപനങ്ങളിലുമൊക്കെ സ്ഥിരം നിയമനങ്ങൾ ഒഴിവാക്കി കരാർ നിയമനങ്ങൾ മാത്രമേ ഇപ്പോൾ നടത്തുന്നുള്ളൂ. ഇത്തരക്കാർ കേന്ദ്ര സർക്കാർ നയങ്ങളെ ശക്തമായി എതിർക്കുന്നത് അഭിനന്ദനീയം തന്നെ. അപ്പോഴും ആത്മപരിശോധനയുടെ ഒരു കണ്ണാടി കൂടെക്കൊണ്ടു നടക്കുന്നത് നല്ലതാണ്.

എൻ വി ബാലകൃഷ്ണൻ

 

Comments

COMMENTS

error: Content is protected !!