അനുപമയുടെ കുഞ്ഞ് ആന്ധ്രയില്‍; നടപടികള്‍ പാലിച്ചാണ് ദത്തെടുത്തതെന്ന് അധ്യാപക ദമ്പതികള്‍

ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ എസ്. എഫ്.ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശില്‍. ഇവിടെയുള്ള ഒരു അധ്യാപക ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു വയസാണ് കുഞ്ഞിനുള്ളത്. നാല് വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴിയാണ് തങ്ങള്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തത്. അവസാനമായി ഈ മാസം തിരുവനന്തപുരം കുടുംബ കോടതിയില്‍ ഒരു സിറ്റിങ്ങുണ്ടായിരുന്നു. അതും പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ താത്കാലിക ദത്തായിട്ടാണുള്ളത്. ഏറ്റവും ഒടുവിലായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രം മതിയെന്ന് ദമ്പതികള്‍ പറയുന്നു. അതും തങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയാണുള്ളതെന്നും അവര്‍ വ്യക്തമാക്കി.

കുഞ്ഞുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ദമ്പതികള്‍ അറിഞ്ഞിട്ടുണ്ട്. ശിശുക്ഷേമ സമിതിയില്‍ നിന്ന് ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകള്‍ വഴിയും അവര്‍ക്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. സുരക്ഷിതമായി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങള്‍ക്കൊപ്പം കഴിയുന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!