അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ പാഠശാല പദ്ധതിയുടെ ഉദ്ഘാടനവും വനിതാ രത്നപുരസ്‌കാര വിതരണവും മാർച്ച് 8ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു, ആർ ബിന്ദു, ജെ ചിഞ്ചുറാണി, വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാൻ ഡിജിറ്റൽ പാഠശാല പദ്ധതി ആരംഭിക്കുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിജിറ്റൽ: ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം. സ്ത്രീകളുടെ സുസ്ഥിരമായ ഭാവിക്ക് നൂതന സാങ്കേതികവിദ്യയായ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അനിവാര്യമാണ്. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് വനിത ശിശുവികസന വകുപ്പ് ഡിജിറ്റൽ പാഠശാല പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്ന പദ്ധതിയാണിത്. വനിത ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ, എടിഎം, സൈബർ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തിൽ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്ന പദ്ധതിയാണിത്. ഇതിലേക്ക് ജെൻഡർ പാർക്ക് ഒരു ശിൽപ്പശാല നടത്തി മൊഡ്യൂൾ തയ്യാറാക്കി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകുന്നു. അത്തരം പരിശീലകരെ ഉപയോഗപ്പെടുത്തി അങ്കണവാടി പ്രവർത്തകർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകുവാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!