DISTRICT NEWSVADAKARA
അപകടത്തിൽ അബോധാവസ്ഥയിലായ ബസ് യാത്രക്കാരിയുടെ മൂന്നരപ്പവൻ കവർന്ന ‘രക്ഷാപ്രവർത്തകർ’ പിടിയിൽ
![](https://calicutpost.com/wp-content/uploads/2019/11/y.png)
പയ്യോളി: വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ ബസ് യാത്രക്കാരിയുടെ മൂന്നരപ്പവൻ നഷ്ടപ്പെട്ട സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. അപകടസ്ഥലത്ത് എത്തിയ ‘രക്ഷാപ്രവർത്തകരാണ്’ ഈ കടുംകൈ ചെയ്തത്.
അപകടസ്ഥലത്തിനടുത്തുള്ളവരാണ് ഇരുവരും. ഈ മാസം 20-ന് ദേശീയപാതയിൽ അയനിക്കാട് കളരിപ്പടിക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ചിരുന്നു. സമീപത്തെ മരത്തിലിടിച്ചാണ് ബസ് നിന്നത്. രാവിലെ 11 മണിക്കായിരുന്നു അപകടം. ബസിന്റെ മുൻവശത്തെ ചില്ല് പൊട്ടി യുവതി പുറത്തേക്ക് തെറിച്ചുവീണു. അബോധാവസ്ഥയിലായ ഇവരുടെ മാലയാണ് നഷ്ടപ്പെട്ടത്. ആശുപത്രിയിൽ എത്തിയ ഉടനെ മൂടാടി സ്വദേശിയായ യുവതി മാല നഷ്ടപ്പെട്ട വിവരം പറഞ്ഞിരുന്നു. തുടർന്ന് പോലീസും ബന്ധുക്കളും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ആശ്വാസത്തിലായിരുന്നു യുവതിയുടെ വീട്ടുകാർ.
ഇതിനിടയിലാണ് പുതിയ മൊബൈൽ ഫോൺ വാങ്ങിയ യുവാവ് കൂട്ടകാർക്കായി ‘ആഘോഷ പരിപാടി’ സംഘടിപ്പിച്ചത് പുറത്തറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് അപകടദിവസംതന്നെ പയ്യോളിയിലെ വ്യാപാരിക്ക് 84,000 രൂപയ്ക്ക് അയനിക്കാടുള്ള യുവാവ് മാലവിറ്റ വിവരം ലഭിക്കുന്നത്. ഈ തുകയിൽനിന്ന് 7000 രൂപയ്ക്ക് ഫോണും വാങ്ങി. പോലീസ് പിടിക്കുമ്പോൾ 12,000 രൂപയേ ബാക്കിയുണ്ടായിരുന്നുള്ളൂ. മാല വ്യാപാരിയിൽനിന്ന് കണ്ടെടുത്തു. ലോക്കറ്റ് നഷ്ടപ്പെട്ടിരുന്നു.
യുവാക്കളിൽ ഒരാൾ ഊരി മറ്റൊരാൾക്ക് കൈമാറിയതായാണ് കരുതുന്നത്. കാര്യം അറിയാതെ ഇവരുടെ ‘ആഘോഷങ്ങളിൽ’ പങ്കെടുത്ത മറ്റു മൂന്നുപേരും സ്റ്റേഷനിൽ കയറേണ്ടിവന്നു. വീട്ടമ്മയ്ക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പോലീസ് സംഭവം അവസാനിപ്പിച്ചു. പാവം വ്യാപാരി പണത്തിനുവേണ്ടി ഓടിനടക്കുന്നു.
Comments