വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ സർക്കാർ ഏറ്റെടുത്ത് ഉത്തരവായി. വിജയിച്ചത് ഒരു വ്യാഴവട്ടത്തിലധികം നീണ്ട ജനകീയ ഇടപെടൽ

കൊയിലാണ്ടി: ശ്രീ വാസുദേവാ ശ്രമം ഹയർ സെക്കണ്ടറി സ്കൂൾ സർക്കാർ ഏറ്റെടുത്ത് ഉത്തരവായി.മാനേജ്മെൻ്റ് തർക്കത്തെത്തുടർന്ന് തകർച്ചയിലേക്ക് പോയ സ്കൂളാണ് നഷ്ടപരിഹാരമൊന്നും നൽകാതെ സർക്കാർ ഇപ്പോൾ ഏറ്റെടുക്കുന്നത്. 1964ലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. ചെറിയാൻ ജോർജ് എന്ന ഭൂഉടമ സൗജന്യമായി നൽകിയ നാലര ഏക്കർ സ്ഥലത്താണ് വാസുദേവാശ്രമം സ്കൂൾ സ്ഥാപിച്ചത്. പരമാനന്ദജി എന്ന പേരിൽ സന്യാസം സ്വീകരിച്ച ഡോ.എം കെ കൃഷ്ണൻ ആണ് സ്കൂൾ സ്ഥാപിച്ചത്. നാല് പതിറ്റാണ്ടിലധികം കാലം നല്ല നിലയിൽ പ്രവർത്തിച്ച സ്കൂൾ സ്വാമിയുടെ നിര്യാണത്തേത്തുടർന്ന് ഗോപി മാനേജരായി വന്നു. ട്രസ്റ്റി ബോ ബോർഡിന് വേണ്ടി പിന്നീട് ഭരണം നടത്തിയിരുന്നത് ഇയാളായിരുന്നു. ഇദ്ദേഹം അധ്യാപക തസ്തിക വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതിനെ തുടർന്നുണ്ടായ തർക്കങ്ങൾ സ്കൂളിൻ്റെ തകർച്ചക്ക് കാരണമായി. ഗോപിയുടെ മരണത്തെ തുടർന്ന് ട്രസ്റ്റി ബോർഡിൽ മാനേജർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായി. രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും പലതരം താല്പര്യങ്ങളുമായി പക്ഷം ചേർന്നതോടെ സ്കൂൾ സമ്പൂർണ്ണ തകർച്ചയിലേക്ക് നീങ്ങി.

വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്കൂൾ വിട്ടതോടെ പതിനാറിലധികം അദ്ധ്യാപകർ തൊഴിൽ നഷ്ടപ്പെട്ട് പുറത്തായി. പിന്നീട് ഈ സ്കൂളിലെ ഫസ്റ്റ് ബാച്ച് വിദ്യാർത്ഥികളായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി ഹരീന്ദ്രൻ,ഗോപാലൻ നായർ എന്നിവർ ചേർന്ന് നിയമ നടപടികൾ ആരംഭിച്ചു. പൊതു വിദ്യാഭാസ ഡയരക്ടർ തലത്തിലും സർക്കാർ തലത്തിലുമായി വ്യവഹാരങ്ങൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടയിൽ അദ്ധ്യാപക രക്ഷാകർതൃ സമതി സ്കൂളിൻ്റെ നില മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്തു. സ്കൂളിന് ഹയർ സെക്കണ്ടറി (പ്ലസ് ടു) ബാച്ചു കൂടി അനുവദിച്ചു കിട്ടി. കഴിഞ്ഞ മൂന്ന് വർഷമായി എസ്.എസ് എൽ സി ക്ക് സമ്പൂർണ്ണ വിജയമുണ്ടായി. പ്രകൃതി രമണീയമായ ഭൂപ്രദേശത്തുള്ള സ്കൂൾ അർജുനൻ വനവാസത്തിനെത്തിയ പ്രദേശമാണ് എന്ന പുരാവൃത്തങ്ങൾ പ്രചാരത്തിലുണ്ട്. അങ്ങിനെയാണ് ഈ സ്കൂൾ അർജുനൻ കുന്ന് സ്കൂൾ എന്ന് പേരു വന്നത്. സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതോടെ ഒരു വാഴവട്ടക്കാലത്തിലധികമായി സ്കൂളിനെ സംരക്ഷിക്കാൻ ജനങ്ങൾ നടത്തിയ സമരമാണ് വിജയത്തിലെത്തുന്നത്.

Comments

COMMENTS

error: Content is protected !!