KERALAUncategorized

അപൂര്‍വരോഗത്തിനെതിരെ മനോധൈര്യത്താല്‍ പോരാടി ശ്രദ്ധേയനായ പ്രഭുലാല്‍ പ്രസന്നന്‍ മരണത്തിന് കീഴടങ്ങി

മനോധൈര്യം കൊണ്ട് അപൂര്‍വരോഗത്തിനെതിരെ  പോരാടി ശ്രദ്ധേയനായ പ്രഭുലാല്‍ പ്രസന്നന്‍ (25) മരണത്തിന് കീഴടങ്ങി. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതില്‍ പ്രസന്നന്‍-ബിന്ദു ദമ്പതികളുടെ മകനാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. അര്‍ബുദം ബാധിച്ച്‌ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാല്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കാര്യവും പ്രഭുലാല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാല്‍. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനശക്തി ഒന്ന് കൊണ്ട് മാത്രമാണ് തന്‍റെ ശരീരാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയെ പ്രഭുലാല്‍ മറികടന്നത്. ശരീരത്തെ മൂടിക്കൊണ്ടിരിക്കുന്ന മറുക് വേദന കൂടി പടര്‍ത്തുമ്ബോഴും പ്രഭുലാല്‍ ശുഭാപ്തി വിശ്വാസം കൈവിട്ടില്ല.

വലതുതോളിലുണ്ടായ മുഴ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടുന്നതിനിടെയാണ് മരണം. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രഭുലാലിന്റെ വലത് തോള്‍ഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയില്‍ മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിന്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞു. വലതു കയ്യിലേക്കുള്ള ഞരമ്ബുകളെ സാരമായി ബാധിച്ചതിനാല്‍ കൈകള്‍ക്ക് ചലനശേഷി നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നും കണ്ടെത്തി.

സുഹൃത്തുക്കളുടെ സഹായത്താല്‍ കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിറ്റ്‌ ആയിരുന്നു.  തുടര്‍ച്ചയായി ആറു മാസം ചികിത്സ നടത്തുവാന്‍ എല്ലാ ചിലവുകളും കൂടി ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യമായിരുന്നത്. കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനം മാത്രം വരുമാനമായിരുന്നു കുടുംബത്തിന് ഉണ്ടായിരുന്നത്. നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ചികിത്സക്ക് ലഭിച്ചത്. ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് പ്രഭുലാലിനെ മരണം കവര്‍ന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button