കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

കോഴിക്കോട്: തനത് വരുമാന വര്‍ധന ലക്ഷ്യം വെച്ചും വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, വ്യവസായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പി ഗവാസ് അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും ഫെഡറല്‍ സംവിധാനത്തെയും ഓര്‍മിപ്പിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്.

ഭരണസമിതിയുടെ നാലാമത്തെ ബജറ്റില്‍ 115.35 കോടി രൂപ വരവും 110.31 കോടി രൂപ ചെലവും 5.04 കോടി രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. പശ്ചാത്തല വികസന മേഖലക്ക് 37.34 കോടി രൂപയും കാര്‍ഷിക മേഖലകള്‍ക്കായി 3.91 കോടി രൂപയും മൃഗസംരക്ഷണ മേഖലയില്‍ 4.19 കോടി രൂപയും മത്സ്യ മേഖലയില്‍ 47 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 11.52 കോടി രൂപയും വകയിരുത്തി. കാന്‍സര്‍ കെയര്‍ സൊസൈറ്റി യാഥാര്‍ത്ഥ്യമാക്കും. പട്ടികജാതി വികസന മേഖലക്കായി 12 കോടി 74 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ മേഖലയ്ക്കായി 82.38 ലക്ഷം രൂപയും വനിതാ വികസനത്തിന് 5.27 കോടി രൂപയും അതോടൊപ്പം ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.74 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

സ്‌കൂള്‍ ലാബുകള്‍ ആധുനികവല്‍ക്കരിക്കുന്നതുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയ്ക്ക് 5 കോടി രൂപയും പ്രാദേശിക സാമ്പത്തിക വികസനത്തിന് 3.97 കോടി രൂപയും വകയിരുത്തി. ജില്ലാ പഞ്ചായത്ത് ഇ -ഓഫീസ് പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്ന് മാര്‍ച്ച് മാസത്തോടെ പ്രഖ്യാപനം നടത്തും. സോളാര്‍ സ്ഥാപിക്കാത്ത സ്‌കൂളുകളില്‍ അവ സ്ഥാപിക്കുന്നതിനും ഘടക സ്ഥാപനങ്ങളില്‍ സോളാര്‍ സ്ഥാപിക്കുന്നതിനുമായി ഒരു കോടി രൂപ വകയിരുത്തി. മയക്കുമരുന്ന് ഉപയോഗത്തിനെതിരായി വിപുലമായ ജാഗ്രത കാമ്പയിന്‍ സംഘടിപ്പിക്കും. പരമ്പരാഗത കലാമേഖലയിലെ പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായകരമാകുന്ന പ്രത്യേക പദ്ധതി തയ്യാറാക്കും.

ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ വി പി ജമീല, നിഷ പുത്തന്‍ പുരയില്‍, കെ വി റീന, പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

പ്രധാന പ്രഖ്യാപനങ്ങള്‍

🔸 ജില്ലയുടെ ഔദ്യോഗിക വൃക്ഷം, പക്ഷി, പുഷ്പം, മത്സ്യം എന്നിവ പ്രഖ്യാപിക്കും

🔸 ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ഭരണഘടന ചത്വരം നിര്‍മ്മിക്കും

🔸 ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ യൂട്യൂബ് ചാനല്‍

🔸 ഡിപി ആപ്പ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

🔸 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭരണഘടന സംവാദങ്ങള്‍

🔸 ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി കം മ്യൂസിയം

🔸 ജില്ലാ പഞ്ചായത്ത് ക്യാമ്പസില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കഫറ്റീരിയ

🔸 കൂത്താളി ഫാമില്‍ വിപുലമായ ഫാം ടൂറിസം പദ്ധതി

🔸 വടകര, പേരാമ്പ്ര ബ്ലോക്കുകളില്‍ പുതിയ എ.ബി.സി സെന്റര്‍-1.5 കോടി

🔸 മത്സ്യ മേഖലയില്‍ മത്സ്യവര്‍ഷിണി പദ്ധതി

🔸 സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി

🔸 ജില്ലാ പഞ്ചായത്ത് മിനി ഐ.ടി പാര്‍ക്ക് സ്ഥാപിക്കും

🔸 ലൈഫ് ഭവന പദ്ധതിക്ക് 12 കോടി

🔸 ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡേര്‍സ്, വയോജനങ്ങള്‍, പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിന് 7.10 കോടി

🔸 ഭിന്നശേഷിക്കാര്‍ നേതൃത്വം നല്‍കുന്ന സ്പന്ദനം കഫേകള്‍

🔸 വനിത വ്യവസായ കേന്ദ്രത്തിന് 2 കോടി

🔸 ഏപ്രില്‍ ഒന്നു മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യും

🔸 കായണ്ണ സ്വപ്ന നഗരിയില്‍ ഹാപ്പിനസ് പാര്‍ക്ക്

🔸 പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കാപ്പിയില്‍ സാംസ്‌കാരിക കേന്ദ്രം-10 ലക്ഷം

🔸 ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 7.22 കോടി

🔸 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നു വീതം ഡെബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍

🔸 കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറ്റാന്‍ അടിയന്തര പ്രവര്‍ത്തനങ്ങള്‍

🔸 ജില്ലാതലത്തില്‍ ബയോ പാര്‍ക്ക് സ്ഥാപിക്കും

🔸 സമഗ്ര നാളികേര വികസനത്തിന് പ്രത്യേക പദ്ധതി

🔸 ജില്ലാ തലത്തില്‍ ബയോഡൈവേഴ്‌സിറ്റി ഡിജിറ്റല്‍ രജിസ്റ്റർ

🔸 കടലുണ്ടി, കീക്കോട് പുഴയോരത്ത് മിനി – പാര്‍ക്ക്-55 ലക്ഷം

Comments
error: Content is protected !!