KERALA

അഭിഭാഷകനെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് ,കൊല്ലത്ത് 4 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊല്ലത്ത് അഭിഭാഷകനെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് കരുനാഗപ്പള്ളി എസ് എച്ച് ഒ. ജി. ഗോപകുമാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എസ്.ഐ അലോഷ്യസ് അലക്‌സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയും സസ്‌പെൻഡ് ചെയ്ത് എ.ഡി.ജി.പി വിജയ് സാഖറെയാണ് ഉത്തരവിറക്കിയത്. സംഭവം ദക്ഷിണ മേഖല ഡിഐജി അന്വേഷിക്കും. പൊലീസിലെ എതിർപ്പ് മറികടന്നാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്‌പെൻഷൻ അപലപനീയമാണെന്നും പിൻവലിക്കണമെന്നും ഐപിഎസ് അസോസിയേഷൻ പറഞ്ഞു.

കൊല്ലം ജില്ലാകോടതിയിൽ സെപ്തംബർ ആദ്യത്തിൽ അഭിഭാഷകരും പൊലീസും തമ്മിൽ കൈയാങ്കളിയുണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ മർദിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകർ പൊലീസുകാരെ തടയുകയായിരുന്നു. കൈയാങ്കളിക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അഭിഭാഷകർ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു.ആഗസ്റ്റ് ഏഴിനുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കരുനാഗപ്പള്ളിയിലുള്ള അഡ്വ. എസ്. ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മർദിച്ചതായി ആരോപണമുയരുകയും പൊലീസിനെതിരെ അഭിഭാഷകൻ പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ, അഭിഭാഷകൻ മദ്യപിച്ച് റോഡിൽ പ്രശ്നം ഉണ്ടാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. മർദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മർദിച്ചിട്ടുണ്ടെന്നും പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുകയായിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button