അഭിഭാഷകർക്കെതിരെ അതിജീവിതയുടെ പരാതിയിൽ നോട്ടീസ്; നടിയെ ആക്രമിച്ച കേസ്സ് നിർണ്ണായക വഴിത്തിരിവിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടീസ് അയച്ചു. സാക്ഷികളെ മൊഴിമാറ്റിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് ദിലീപിന്റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിൽ നോട്ടീസ് അയച്ചത്.
സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള , സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം.പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകർ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകർക്കെതിരെ നീതിന്യായ വ്യവസ്ഥ അനുശാസിക്കും വിധം നടപടി വേണെന്നുമാവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്.
സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. ബന്ധപ്പെട അഭിഭാഷകരാരും അതിജീവിതയുടെ പരാതിയോട് ഇതുവരെ നിയമപരമായി പ്രതികരിച്ചിട്ടില്ല. കേരള നീതി ന്യായ കോടതിയുടെ ചരിത്രത്തിൽ അപൂർവ്വമാണ് ഇത്തരമൊരു പരാതി.