Uncategorized

അമിത ചാർജ്ജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

അമിതചാർജ്ജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അമിത ചാർജ് ഈടാക്കുന്ന ബസ്സുകളെ നിയന്ത്രിക്കും. യാത്രക്കാരെ ബാധിക്കുമെന്ന ആശങ്ക കൊണ്ടാണ് കർശന നടപടി എടുക്കാത്തതെന്നും മന്ത്രി പറഞ്ഞു. പരിധിക്ക് അപ്പുറത്തേക്ക് ചൂഷണം നടത്തിയാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലമായതോടെ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതായി വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

ബംഗളൂരു, ചെന്നൈ റൂട്ടുകളിൽ ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെയാണ് വർദ്ധന. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നിയമമില്ലാത്തതാണ് ടൂറിസ്റ്റ് ബസ്സ് ഉടമകൾക്ക് ഗുണകരം. റെയിൽവേക്കെതിരെയും മന്ത്രി ആന്റണി രാജു രംഗത്തെത്തി. ബാംഗ്ലൂർ – ചെന്നൈ റൂട്ടുകളിലെ യാത്രാ പ്രശ്നത്തിൽ റെയിൽവേയുടേത് കുറ്റകരമായ അനാസ്ഥയാണ്. ഉത്സവകാലങ്ങളിൽ റെയിൽവെ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തുന്നില്ല. ചില ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കുന്നില്ല. റെയിൽവേ കൃത്യമായി ടിക്കറ്റ് ലഭ്യമാക്കുന്നില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് കത്ത് അയയ്ക്കും.

കെഎസ്ആർടിസി സ്വിഫ്റ്റ് ഇടപെടലാണ് യാത്രക്കാർക്ക് ആശ്വാസം. നാളെ മുതൽ ബംഗളൂരുവിലേക്ക് രണ്ട് ഹൈബ്രിഡ് ബസ്സുകൾ ഓടി തുടങ്ങും. ഒരു എസി, ഒരു നോൺ എസി ബസ് ആണ് ഓടിക്കുക. അന്തർ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ സ്വിഫ്റ്റ് ബസുകൾ ഓടിക്കും. കെഎസ്ആർടിസിക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നതിന് പരിമിതിയുണ്ട്. ആവശ്യത്തിന് വണ്ടികൾ ഇല്ലാത്തതാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button