നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ അവ്യക്തതയുണ്ടന്നും മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ മറുപടി നൽകി

നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ അവ്യക്തതയുണ്ടന്നും മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കി. ബില്ലുകളില്‍ ഒപ്പിടാതെ രാജ്ഭവനില്‍ തടഞ്ഞു വച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിനാണ് ഗവര്‍ണർ മറുപടി നൽകിയത്.

ബില്ലുകളില്‍ ചില സംശയങ്ങള്‍ ഉള്ളതിനാല്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ വകുപ്പ് സെക്രട്ടറിമാരോടൊപ്പം നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി, ലോകായുക്ത നിയമഭേദഗതി തുടങ്ങി എട്ട് ബില്ലുകളാണ് രാജ്ഭവനില്‍ ഗവര്‍ണറുടെ അനുമതിക്കായി കിടക്കുന്നത്.

താനുമായി ബന്ധപ്പെട്ട ബില്ലുകളില്‍ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി കടന്നുള്ള ചില ബില്ലുകളില്‍ ഒപ്പു വയ്ക്കാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ അറിയിച്ചിരുന്നു.

അതേസമയം തിരുവനന്തപുരത്തിന് പുറത്ത് പല മന്ത്രിമാരും തന്നെ കാണാന്‍ ശ്രമിച്ചതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ ഗവര്‍ണറെ മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ അറിയിക്കാത്തതിലുള്ള അതൃപ്തിയും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!