അമ്പായപ്പാറയിൽ ഒരാഴ്ചയായി കുടിവെളളമില്ല
പേരാമ്പ്ര .കായണ്ണ പഞ്ചായത്തിലെ അഞ്ചാം വാർഡ് അമ്പായപ്പാറയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. 60 ഓളം കുടുംബങ്ങൾ താമസിക്കുന്ന പാറയുടെ മുകളിൽ പൈപ്പ് വെള്ളം മാത്രമായിരുന്നു ആശ്രയം. പൈപ്പിലൂടെ ലഭിച്ചിരുന്ന കുടിവെള്ളം മണികുലുക്കിതാഴ പുഴയിൽ നിന്നും പമ്പിങ്ങ് നടത്തി അമ്പായപ്പാറ കുന്നിന് മുകളിൽ ടാങ്ക് സ്ഥാപിച്ച് ആണ് ലഭ്യമാക്കിയിരുന്നത്. പമ്പ് ഹൗസിലെ മോട്ടോർ കേടായതാണ് കുടിവെള്ളം നിലക്കാൻ കാരണം. സ്കൂളുകളും അംഗനവാടിയും തുറന്നതോടെ കുട്ടികൾക്ക് പ്രാഥമിക കാര്യങ്ങൾക്ക് പോലും വെളളമില്ലാതെ ബുദ്ധിമുട്ടുകയാണ്.
തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവിടത്തെ താമസക്കാർ ഏറെയും. തൊഴിൽ കഴിഞ്ഞ് വീട്ടിലെത്തിയാൽ അര കിലോമീറ്റർ അകലെയുള്ള ചെമ്പ്ര പുഴയെ ആശ്രയിച്ചാണ് കുളിയും അലക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ ദരിദ്രകുടുംബങ്ങൾക്ക് പമ്പിങ്ങിനുള്ള കറൻ്റു ചാർജു പോലും അടയ്ക്കാൻ പ്രയാസപ്പെടുമ്പോൾ, മോട്ടോർ നന്നാക്കാനുള്ള പണം കൂടി സ്വരൂപിക്കാൻ കഴിയുന്നില്ല. ഗ്രാമ പഞ്ചായത്ത് ഇടപെട്ട് അടിയന്തിരമായി കുടിവെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയത് മുതൽ മോട്ടോർ നന്നാക്കാനുളള സംവിധാനമൊരുക്കിയതായും ആവശ്യക്കാർക്ക് വാർഡുമെമ്പറും സി.പി.എം പ്രവർത്തകരും ചേർന്ന് വെളളം നൽകി തുടങ്ങിയതായും ഗ്രാമ പഞ്ചായത്തംഗം ഗീത പറഞ്ഞു.