KERALA
അതിർത്തിയിലെ അരി ഗോഡൗണിൽ മിന്നൽപരിശോധന

പാറശ്ശാല: സംസ്ഥാന അതിർത്തിയിലെ അരി ഗോഡൗണിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പതിനായിരത്തോളം കിലോ റേഷൻ ഉത്‌പന്നങ്ങൾ പിടികൂടി. തമിഴ്നാടുമായി സംസ്ഥാനം അതിർത്തി പങ്കിടുന്ന ഊരമ്പിലെ ഫമിഷ് ട്രേഡേഴ്‌സിൽ നടത്തിയ പരിശോധനയിലാണ് റേഷൻ ഭക്ഷ്യ ഉത്‌പന്നങ്ങൾ പിടികൂടിയത്.
ഈ ഗോഡൗണിനു സമീപത്തെ വീട്ടിൽനിന്ന് ഇരുന്നൂറ് ലിറ്ററോളം റേഷൻ മണ്ണെണ്ണയും അധികൃതർ പിടികൂടി. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ ബി.എം.ജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കെത്തിയത്. ഗോഡൗണിനുള്ളിൽ കടന്ന പരിശോധനാസംഘത്തെ ഗോഡൗൺ ഉടമയുടെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പരിശോധനാസംഘം പൊഴിയൂർ പോലീസിന്റെ സഹായം തേടുകയായിരുന്നു.
പരിശോധനാസംഘം ഗോഡൗണിൽ എത്തുമ്പോൾ റേഷൻ അരി ബ്രാന്റഡ് ചാക്കുകളിലേക്കു തൊഴിലാളികൾ പായ്ക്ക് ചെയ്യുകയായിരുന്നു. ഇതിലേക്കായി തറയിൽ അരി കൂനയായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇത് കൂടാതെ വലിയ ചാക്കുകളിൽ ഗോഡൗണിൽ എത്തിച്ച അരിയും തൊഴിലാളികൾ ചാക്കുകളിൽ നിറയ്ക്കുകയായിരുന്നു.
പരിശോധനയിൽ റേഷനരി ബ്രാന്റഡ് ചാക്കുകളിൽ നിറച്ച അൻപതോളം ചാക്കുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. 174 ചാക്ക് വരവ് അരി, മൂന്ന് ചാക്ക് റേഷൻ ഗോതമ്പ്, മൂന്ന് ചാക്ക് പച്ചയരി എന്നിവയാണ് കണ്ടെത്തിയത്. ഗോഡൗണിൽനിന്ന് തമിഴ്നാട് പൊതുവിതരണ വിഭാഗം റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന ചണം ചാക്കുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷൻ കടകളിൽനിന്ന് ഇവിടത്തേക്ക് വൻ തോതിൽ റേഷൻ ഉത്‌പന്നങ്ങൾ എത്തുന്നതായി സംശയിക്കുന്നതായി നെയ്യാറ്റിൻകര താലൂക്ക് സപ്ലെ ഓഫീസർ ബി.എം.ജയകുമാർ പറഞ്ഞു.
പരിശോധനാസംഘം പരിശോധന ആരംഭിച്ചപ്പോഴേക്കും സ്ഥാപനയുടമ കടന്നുകളഞ്ഞു. സമീപത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ മണ്ണെണ്ണ അധികൃതർ കണ്ടെടുത്തു. ഇവിടെ ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ മണ്ണെണ്ണയാണ് അധികൃതർ പിടികൂടിയത്. ഒരു ലിറ്റർ മണ്ണെണ്ണ 100 രൂപ നിരക്കിലാണ് ഇവിടെനിന്നു മറുനാടൻ തൊഴിലാളികൾക്കും തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കും വിറ്റിരുന്നത്. റേഷൻ കടകളിൽനിന്ന് ലിറ്ററിന് 70 രൂപയ്ക്ക് സമാഹരിച്ചാണ് ഇവർ 100 രൂപയ്ക്ക് വറ്റു വന്നിരുന്നത്.
റേഷനിങ് ഇൻസ്പെക്ടർമാരായ മോഹൻകുമാർ, ശോഭിതരാജ്, ജലജകുമാരി, അനിത റേഷ്നി, ബിന്ദു എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥസംഘമാണ് മിന്നൽപരിശോധന നടത്തിയത്.
Comments