അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസ് – ഇന്ദിരാ ഭവൻ കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസ് – ഇന്ദിരാ ഭവൻ കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാൺ ഗുണ്ടാ – ലഹരിമാഫിയകളുടെ കൈകളിലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.മുരളീധരൻ എം പി. പറഞ്ഞു. കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യഷാപ്പ് തുടങ്ങാൻ അനുമതി നൽകിയിട്ട് മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിലെ വൈരുധ്യം ജനം തിരിച്ചറിയണം. കേരളമിപ്പോൾ ഗുണ്ടകളുടെ കത്തിമുനയിലാണ്. നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സേനയിലും ഗുണ്ടകൾ കടന്നു കൂടിയിരിക്കുന്നു. പോലീസും സി പി എം ഗുണ്ടകളും നാടിനെ അരാജകത്വത്തിലേയ്ക്ക് തള്ളിവിടുന്നു. ഈ ഒരു സാഹചര്യത്തിൽ കോൺഗ്രസ് കമ്മറ്റി ഓഫീസുകൾ ജന സേവന കേന്ദ്രങ്ങളായി മാറണമെന്നും കെ.മുരളീധരൻ പറഞ്ഞു.
ദേശീയ നേതാക്കളുടെ ഫോട്ടോ അനാച്ഛാദനകർമം ഡി സി സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ നിർവ്വഹിച്ചു. എ ഐ സി സി മെമ്പർ ഹരിപ്രിയ ഉപഹാരസമർപ്പണം നടത്തി. യൂത്ത് കോൺഗ്രസ് ഭാരവാഹികളായി നിയോഗിക്കപ്പെട്ട അനസ് കാരയാട്, ആദർശ് അരിക്കുളം, ഷാജഹാൻ കാരയാട് എന്നിവർക്കുള്ള അനുമോദനവും നടന്നു.
മണ്ഡലം പ്രസിഡണ്ട് സി രാമദാസ് ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് സെക്രട്ടറി കെ അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി സി സി മെമ്പർ സത്യൻ കടിയങ്ങാട്, ഡി സി സി സെക്രട്ടറി ഇ.അശോകൻ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ പി വേണുഗോപാലൻ, സി യു സി ബ്ലോക്ക് ചെയർമാൻ കെ പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ നീലാംബരി സ്വാഗതവും കെ കെസുധർമ്മൻ നന്ദിയും പറഞ്ഞു.